2018 ലെ കേരള ബോക്സ് ഓഫീസ് റെക്കോർഡ് മറികടന്ന്, ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായി 'തുടരം' മാറി.#thudarum movie

 


കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും'. ചിത്രത്തിന്റെ വിതരണക്കാരായ ആശീര്‍വാദ് സിനിമാസ് ആണ് ഇക്കാര്യം അറിയിച്ചത്. ടൊവിനോ തോമസ്- ജൂഡ് ആന്തണി ജോസഫ് ചിത്രം '2018'-നെ മറികടന്നാണ് 'തുടരും' നേട്ടം സ്വന്തമാക്കിയത്‌.


2016-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍- വൈശാഖ് ചിത്രം 'പുലിമുരുകനെ' മറികടന്നാണ് 2023-ല്‍ പ്രദര്‍ശനത്തിനെത്തിയ '2018' കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമായത്. 89 കോടിയിലേറെ രൂപയാണ് 2018 കേരളത്തില്‍നിന്ന് മാത്രം നേടിയത്. ആഗോള കളക്ഷനില്‍ 250-കോടി പിന്നിട്ടിട്ടും കേരളത്തില്‍ '2018'-നെ മറികടക്കാന്‍ മോഹന്‍ലാല്‍- പൃഥ്വിരാജ് ചിത്രത്തിന് സാധിച്ചിരുന്നില്ല.

മറികടക്കാന്‍ ഇനി റെക്കോര്‍ഡുകള്‍ ഒന്നും ബാക്കിയില്ലെന്ന കുറിപ്പോടെയാണ് ആശീര്‍വാദ് സിനിമാസ് അപ്‌ഡേറ്റ് പങ്കുവെച്ചത്. 'ഒരേയൊരു പേര്: മോഹന്‍ലാല്‍' എന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. നേരത്തെ ചിത്രം വിദേശമാര്‍ക്കറ്റില്‍ 10 മില്യണ്‍ ഗ്രോസ് കളക്ഷന്‍ എന്ന നേട്ടം പിന്നിട്ടതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. എമ്പുരാനാണ് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റൊരു ചിത്രം.

'എമ്പുരാനി'ലൂടെ മലയാളചിത്രത്തിന്റെ ഏറ്റവും കൂടുതല്‍ ആഗോളകളക്ഷന്‍ ഇപ്പോള്‍ മോഹന്‍ലാലിന്റെ പേരിലാണ്. 'തുടരും' ചിത്രത്തിലൂടെ കേരളത്തിലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ എന്ന നേട്ടവും മോഹന്‍ലാല്‍ സ്വന്തമാക്കി. അടുത്തടുത്ത മാസങ്ങളിലിറങ്ങിയ ചിത്രങ്ങളിലൂടെയാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്. മാര്‍ച്ച് 27-നായിരുന്നു 'എമ്പുരാന്‍' റിലീസ്‌ ചെയ്തത്. ഏപ്രില്‍ 25-ന് 'തുടരും' പ്രദര്‍ശനത്തിനെത്തി.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0