ബിൽ അടയ്ക്കാത്തതിനെ തുടർന്ന് ശക്തികുളങ്ങര വില്ലേജ് ഓഫീസിലെ വൈദ്യുതിബന്ധം കെ.എസ്.ഇ.ബി. അധികൃതർ വിച്ഛേദിച്ചു.
വെള്ളിയാഴ്ച 11.30-ഓടെയാണ് കെ.എസ്.ഇ.ബി. ജീവനക്കാരെത്തി ഫ്യൂസ് ഊരിയത്. ഇതോടെ ഓഫീസ് പ്രവർത്തനം അവതാളത്തിലായി. 3,000 രൂപയായിരുന്നു അടയ്ക്കാനുണ്ടായിരുന്നത്.
ഉടൻതന്നെ വിവരം മേലധികാരികളെ അറിയിച്ചു. സുജിത് വിജയൻ പിള്ള എം.എൽ.എ.യും എ.ഡി.എമ്മും വിഷയത്തിൽ ഇടപെട്ടു.
വൈദ്യുതി ബിൽ കളക്ടറേറ്റിൽനിന്നാണ് അടയ്ക്കാറുള്ളത്. മുൻകാലങ്ങളിൽ ബില്ലടക്കാൻ കാലതാമസം വരുമ്പോൾ ഓഫീസിലെ ജീവനക്കാർ സ്വന്തം നിലയിൽ അടയ്ക്കാറുണ്ടായിരുന്നു.
ഇപ്പോൾ കളക്ടറേറ്റിൽനിന്നു നേരിട്ടാണ് കെ.എസ്.ഇ.ബി.യിൽ ബില്ലടയ്ക്കുന്നത്.
ജീവനക്കാർ തുകയടച്ചാൽ തിരികെ കിട്ടാതെവരും. 12.30-ഓടെ കെ.എസ്.ഇ.ബി. ജീവനക്കാരെത്തി വൈദ്യുതി പുനഃസ്ഥാപിച്ചു.