തിരുവനന്തപുരം: നിലമ്പൂർ എംഎൽഎ പി.വി. അൻവർ രാജിവച്ചു. തിങ്കളാഴ്ച രാവിലെ അദ്ദേഹം സ്പീക്കർ എ.എൻ. ഷംസീറിന് രാജി കത്ത് സമർപ്പിച്ചു. ഇടതുപക്ഷവുമായി ബന്ധം വേർപെടുത്തി തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി ചേർന്ന അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു. 30 വർഷമായി കോൺഗ്രസിന്‍റെ ആര്യാടൻ മുഹമ്മദ് കൈവശം വച്ചിരുന്ന നിലമ്പൂർ മണ്ഡലത്തിൽ രണ്ടുതവണ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച് ചരിത്രം സൃഷ്ടിച്ച അൻവർ ഇടതുപക്ഷവുമായുള്ള ബന്ധം ഔദ്യോഗികമായി വിച്ഛേദിച്ചു.
പോലീസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ച് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ യുദ്ധം പ്രഖ്യാപിച്ച അൻവർ 14 വർഷത്തിനുശേഷം ഇടതുപക്ഷവുമായുള്ള ബന്ധം വിച്ഛേദിക്കുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് മണ്ഡലത്തിലെ ഔദ്യോഗിക ഇടതുപക്ഷ സ്ഥാനാർത്ഥിയെ നാലാം സ്ഥാനത്തേക്ക് തള്ളിയാണ് പി.വി. അൻവർ തന്റെ രാഷ്ട്രീയ പ്രവേശനം ശ്രദ്ധേയമാക്കിയത്. അൻവറിന്റെ അന്നത്തെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം 2016 ൽ നിലമ്പൂർ പിടിച്ചെടുക്കാനുള്ള ചുമതല അൻവറിനെ ഏൽപ്പിച്ചു. അത് ചരിത്രമായി.