
ദേശീയ ഗെയിംസിന് ഇന്ന് തുടക്കം:
ഡെറാഡൂൺ (ഉത്തരാഖണ്ഡ്) ഒമ്പതു ഡിഗ്രിയാണ് രണ്ടുദിവസങ്ങളിലായി ഡെറാഡൂണിലെ കുറഞ്ഞ താപനില. തണുപ്പിന്റ ആലസ്യത്തിലമർന്ന താഴ്‌വരയിൽ 38–-ാം ദേശീയ ഗെയിംസിന്റെ ആരവവും ആഘോഷങ്ങളും പൂർണമായും ഉയർന്നിട്ടില്ല. ചൊവ്വാഴ്‌ചയാണ് ഔപചാരിക ഉദ്‌ഘാടനം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമായതിന് തൊട്ടുപിന്നാലെയാണ് ഉത്തരാഖണ്ഡിൽ ‘ഇന്ത്യൻ ഒളിമ്പിക്‌സിന്’ കൊടിയേറുന്നത്. തലസ്ഥാനമായ ഡെറാഡൂണിലെ രാജീവ് ഗാന്ധി രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വൈകിട്ട് നാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്യും.
മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി, ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി ടി ഉഷ എന്നിവർ പങ്കെടുക്കും. പ്രമുഖ കായികതാരങ്ങളും ചടങ്ങിനുണ്ടാകും.
മത്സരങ്ങൾ രണ്ടുദിവസം മുമ്പേ തുടങ്ങിയിരുന്നു. ഫെബ്രുവരി പതിനാലിനാണ് സമാപനം. രണ്ടു പ്രദർശനമത്സരങ്ങൾ ഉൾപ്പെടെ 35 ഇനങ്ങളാണ് ഗെയിംസിൽ. കേരളം ഉൾപ്പെടെ 37 ടീമുകളിൽനിന്ന് പതിനായിരത്തിൽ കൂടുതൽ കായികതാരങ്ങൾ അണിനിരക്കും.
ബാഡ്‌മിന്റൺ താരം ലക്ഷ്യ സെൻ ദീപശിഖ കൈമാറുന്നതോടെ മേള കൺതുറക്കും. ഈ സമയം സ്റ്റേഡിയത്തിൽ 1500 ദീപങ്ങൾ ഒരുമിച്ച് തെളിയും. തുടർന്ന് രണ്ടുമണിക്കൂർ നീളുന്ന കലാപരിപാടികൾ. ഉത്തരാഖണ്ഡിന്റെ സാംസ്‌കാരികത്തനിമ നിറയുന്ന നൃത്തസന്ധ്യയിൽ മൂവായിരത്തോളം കലാകാരൻമാർ അണിനിരക്കും. കേരളത്തിന് 437 അംഗസംഘമാണ്. ഗോവയിലായിരുന്നു കഴിഞ്ഞതവണത്തെ ഗെയിംസ്. മഹാരാഷ്‌ട്രയായിരുന്നു ചാമ്പ്യൻമാർ. കേരളം അഞ്ചാമത്.