കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സഞ്ജയ് റോയ്ക്ക് മരണം വരെ തടവിന് ശിക്ഷിച്ചു. 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്. കൊൽക്കത്തയിലെ സീൽദയിലെ അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. അപൂർവങ്ങളിൽ അപൂർവമാണ് കേസെന്ന് കോടതി ചൂണ്ടിക്കാട്ടി. പെൺകുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിൻ്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ 17 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി പറഞ്ഞു. എന്നാൽ, നഷ്ടപരിഹാരം വേണ്ടെന്ന് ഡോക്ടറുടെ കുടുംബം പറഞ്ഞു. പ്രതികൾക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് കോടതി വിധി വായിച്ചപ്പോൾ പറഞ്ഞു. താൻ കുറ്റം ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും പ്രതി കോടതിയെ അറിയിച്ചു. വിധി പറയുന്നതിന് മുമ്പ് പ്രതിയായ സഞ്ജയ് റോയിക്ക് പറയാനുള്ളത് കോടതി കേട്ടിരുന്നു. ഇതിന് ശേഷമാണ് കുറ്റം തെളിഞ്ഞതായി വ്യക്തമായത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സഞ്ജയ് റോയ് ശിക്ഷിക്കപ്പെട്ടത്. രാജ്യത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊൽക്കത്തയിൽ വനിതാ ഡോക്ടറുടെ കൊലപാതകം. സംഭവത്തെ തുടർന്ന് രാജ്യത്ത് ഡോക്ടർമാരുടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ട്രെയിനി ഡോക്ടറെ 2024 ഓഗസ്റ്റ് 9 ന് ആശുപത്രിയിലെ സെമിനാർ ഹാളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പ്രതിയായ സഞ്ജയ് റോയ് അന്ന് രാത്രി 11 മണിക്ക് ആശുപത്രി പരിസരത്തുണ്ടായിരുന്നു. ഈ സമയം മദ്യപിച്ചെത്തിയ പ്രതി പിന്നീട് പുറത്തിറങ്ങി വീണ്ടും മദ്യപിച്ചു. തുടർന്ന് പുലർച്ചെ നാല് മണിയോടെ ആശുപത്രി കെട്ടിടത്തിലേക്ക് പ്രവേശിച്ചു. 40 മിനിറ്റിന് ശേഷം അത്യാഹിത വിഭാഗത്തിലൂടെയാണ് ഇയാൾ ഇറങ്ങിപ്പോകുന്നത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായത്. സെമിനാർ ഹാളിൽ ഉറങ്ങുകയായിരുന്ന വനിതാ ഡോക്ടറെ പ്രതി ലൈംഗികമായി പീഡിപ്പിക്കുകയും എതിർത്തപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നതോടെ സംസ്ഥാനത്തും രാജ്യത്തും പ്രതിഷേധം ഉയർന്നിരുന്നു. ഓഗസ്റ്റ് 10നാണ് സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡോക്ടറുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്ലൂടൂത്ത് ഇയർഫോണിൻ്റെ ഭാഗവും ആശുപത്രി കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിഷേധം ശക്തമായതോടെ കോടതി പിന്നീട് കേസ് സിബിഐക്ക് വിട്ടു. സഞ്ജയ് റോയ് മാത്രമാണ് കുറ്റകൃത്യത്തിൽ പങ്കെടുത്തതെന്നും സിബിഐ കണ്ടെത്തി. പ്രതിയുടെ വസ്ത്രത്തിലും ചെരുപ്പിലും വനിതാ ഡോക്ടറുടെ രക്ത സാമ്പിളുകൾ കണ്ടെത്തി ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
അതിനിടെ, തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും അന്വേഷണം വൈകിപ്പിച്ചതിനും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ സന്ദീപ് ഘോഷ്, പൊലീസ് ഉദ്യോഗസ്ഥൻ അഭിജിത് മൊണ്ഡൽ എന്നിവരെയും സിബിഐ അറസ്റ്റ് ചെയ്തു.
പ്രതിയായ സഞ്ജയ് റോയിക്കെതിരെ 2024 നവംബർ 4 ന് സിബിഐ സംഘം കുറ്റപത്രം സമർപ്പിച്ചു. കേസിൻ്റെ വിചാരണ നവംബർ 11 ന് ആരംഭിച്ചു. മുഴുവൻ വിചാരണയും അടച്ചിട്ട കോടതി മുറിയിലാണ് നടന്നത്. ഇത് മുഴുവന്‍ റെക്കോര്ഡ് ചെയുകയും ചെയ്തു.