കണ്ണൂർ : യാത്രക്കാരോടുള്ള അവഗണനയുടെ പേരിൽ കുപ്രസിദ്ധി ആർജിച്ച ഇന്ത്യൻ റെയിൽവേയിൽ നിന്നും കണ്ണൂർ റെയിൽവേ സ്റ്റേഷൻ ഉപയോഗിക്കുന്ന യാത്രക്കാർക്ക് മറ്റൊരു ദ്രോഹം കൂടി, റെയിൽവേ സ്റ്റേഷനിലെ അപ്പർ ക്ലാസ് പാസഞ്ചർ ലോഞ്ചിലെ ശുചിമുറി അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട് മാസങ്ങളായി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി യാത്രക്കാരാണ് ശുചിമുറി സൗകര്യമില്ലാത്തതിനാൽ കണ്ണൂരിൽ ട്രെയിന്‍ ഇറങ്ങി കഷ്ട്ടപ്പെടുന്നത്.
പല ദീർഘദൂര ട്രെയിനുകളും എത്തുന്ന സംസ്ഥാനത്തെ പ്രധാന റെയില്‍വെ സ്റെഷനുകളില്‍ ഒന്നായ കണ്ണൂരില്‍വിവിധ ദീര്‍ഘ ദൂര ട്രെയിനുകള്‍ പാതിരത്രിയും പുലര്‍ച്ചെയും എത്താറുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകേണ്ട ഇവരിൽ പലർക്കും പുലർച്ചെ മാത്രമാണ് ബസുകൾ ലഭിക്കുന്നത്. സുരക്ഷിതമായ കാത്തിരിപ്പിന് റെയിൽവേ സ്റ്റേഷനിലെവിശ്രമ മുറികളെയാണ് ഇവർ ആശ്രയിക്കുന്നത്.
നീണ്ട യാത്രയ്ക്ക് ശേഷം ശുചിമുറി ഉപയോഗിക്കാനുള്ള സൗകര്യം പ്രതീക്ഷിച്ച് വിശ്രമമുറിയിലെത്തിയവർ നിരാശരാണ്. ശൌചാലയത്തിലേക്കുള്ള വഴിയിൽ സിമൻ്റും പൈപ്പുകളും ടൈലുകളും കിടക്കുന്നു. മൂന്നുമാസം കഴിഞ്ഞിട്ടും പണി പൂർത്തീകരിക്കാത്തതിൽ സ്ഥിരം യാത്രക്കാർ പ്രതിഷേധത്തിലാണ്.പ്രധാന രാഷ്ട്രീയ പാര്ട്ടികളോ യുവജന സംഘടനകളോ സാധാരണ ജനങ്ങളുടെ പ്രാഥമിക കാര്യങ്ങളെ സംബധിക്കുണ്ണ്‍ ഈ വിഷയങ്ങളിന്മേല്‍ തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നില്ല എന്നതും സങ്കടകരമായ വസ്തുതയാണ്.
എന്നാൽ റെയിൽവേ സ്റ്റേഷനിലെ ശുചിമുറിയിൽ ചില യാത്രക്കാർ സാനിറ്ററി പാഡുകളും ഡയപ്പറുകളും വലിച്ചെറിയുന്നത് അടിക്കടിയുള്ള അറ്റകുറ്റപ്പണികൾക്ക് കാരണമെന്ന് റെയിൽവേ. അത്തരം വസ്തുക്കൾ കാരണം പൈപ്പ് തടസ്സപ്പെട്ടാൽ, അത് തുറക്കുന്നത് എളുപ്പമല്ല. പലപ്പോഴും പൈപ്പുകൾ നീക്കം ചെയ്ത് മാറ്റേണ്ടി വരുന്നതായും റെയിൽവേ അധികൃതർ ചൂണ്ടിക്കാട്ടി. ശുചിമുറികൾ നശിപ്പിക്കാതെ സഹകരിക്കണമെന്നും അവർ യാത്രക്കാരോട് ആവശ്യപ്പെട്ടു.