തിരുവനന്തപുരം : പാറശാല ഷാരോൺ കൊലക്കേസിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ. ഷാരോൺ കൊലക്കേസ് അപൂർവങ്ങളിൽ അപൂർവമായ കേസാണെന്ന് കോടതി വ്യക്തമാക്കി.
കേസിലെ മൂന്നാം പ്രതിയായ അമ്മാവൻ നിർമ്മൽ കുമാറിന് 3 വർഷം തടവ് ശിക്ഷ വിധിച്ചു.
2022 ഒക്ടോബർ 14 ന് ഗ്രീഷ്മ ഷാരോൺ രാജിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കാപ്പിക്കോ എന്ന കളനാശിനി കഷായത്തിൽ കലർത്തി കൊലപ്പെടുത്തി. പ്രണയത്തിൽ നിന്ന് പിന്മാറാത്തതിനെ തുടർന്ന് ഗ്രീഷ്മ ഷാരോൺ കൊലപ്പെടുത്തിയെന്നാണു
കേസ്. കഷായം കുടിച്ച് 11 ദിവസം ഷാരോൺ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഷാരോൺ പിന്നീട് മരണത്തിന് കീഴടങ്ങി.
കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ, പിശാചിന്റെ മനസ്സുള്ള ഒരാൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിയൂ എന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ, മറ്റ് ക്രിമിനൽ പശ്ചാത്തലമൊന്നുമില്ലാത്ത ഗ്രീഷ്മ ആത്മഹത്യയുടെ വക്കിലെത്തിയപ്പോൾ ഇത്തരമൊരു കുറ്റകൃത്യം ചെയ്തുവെന്ന് പ്രതിഭാഗം വാദിച്ചു.
ഇരുവരും ഒരുമിച്ചുള്ള സ്വകാര്യ ദൃശ്യങ്ങൾ കാണിച്ചുകൊണ്ട് ഷാരോൺ ഗ്രീഷ്മയെ ഭീഷണിപ്പെടുത്തിയതായും പ്രതിഭാഗം ചൂണ്ടിക്കാട്ടി. പ്രതിയുടെ പ്രായം, വിദ്യാഭ്യാസ യോഗ്യത, ഭാവി എന്നിവ പരിഗണിച്ച് ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ അഭ്യർത്ഥിച്ചു. എന്നാൽ, ഇരുവരുടെയും ഫോണുകളിൽ നിന്ന് അത്തരം സ്വകാര്യ ദൃശ്യങ്ങൾ കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത് തനിക്ക് 24 വയസ്സ് മാത്രമേയുള്ളൂവെന്നും ശിക്ഷയിൽ ഇളവ് അനുവദിക്കണമെന്നും ആയിരുന്നു.