പയ്യന്നൂർ : കണ്ണൂർ ജില്ലയിലെ മാതമംഗലം മുച്ചിലോട്ട് പെരുങ്കളിയാട്ടത്തോടനുബന്ധിച്ച അന്നധാനത്തിൽ പങ്കെടുത്തവർക്ക് വൻ ഭക്ഷ്യവിഷബാധ. അഞ്ഞൂറിലധികം പേർ വിവിധ ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലാണ്. ജനുവരി 25 മുതൽ 28 വരെ ഉത്സവത്തിനിടെ ഭക്ഷണം കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത്. പതിനായിരത്തോളം ആളുകളാണ് ഭക്ഷണം കഴിച്ചതെന്നാണ് അനുദ്യോഗിക കണക്കുകൾ.
ഭക്ഷ്യവിഷബാധയേറ്റവരെ പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, പയ്യന്നൂർ സഹകരണ ആശുപത്രി, മാതമംഗലം എന്നിവിടങ്ങളിലും പയ്യന്നൂരിലെ സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 27ആം തിയതി ഭക്ഷണം കഴിച്ചവരിൽ ഭൂരിഭാഗം പേർക്കും ഭക്ഷ്യവിഷബാധയേറ്റതായാണ് റിപ്പോർട്ട്. ആരോഗ്യവകുപ്പ് അധികൃതർ അന്വേഷണം ആരംഭിച്ചു.