തിരുവനന്തപുരം : നെടുമങ്ങാട് ഇരിഞ്ഞയത്ത് ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ആര്യങ്കോട് കവല്ലൂർ സ്വദേശി ദാസിനി (61) മരിച്ചു. നാൽപ്പതോളം പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെല്ലാം വെള്ളറട ആര്യങ്കോട് സ്വദേശികളാണ്.
വെള്ളിയാഴ്ച രാത്രി 10 മണിയോടെ നെടുമങ്ങാട് വെമ്പായം റോഡിലെ ഇരുഞ്ചയം മിൽക്ക് സൊസൈറ്റിക്ക് സമീപമാണ് അപകടം. അമിതവേഗത്തിൽ വന്ന ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു. നാട്ടുകാരും പോലീസും ഫയർഫോഴ്‌സും ചേർന്ന് പരിക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ ഇരുപതോളം പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മന്ത്രി വീണ ജോർജിന്റെ നിർദ്ദേശപ്രകാരം പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്രമീകരണങ്ങൾ ചെയ്തു.