മട്ടന്നൂർ: കണ്ണൂർ ഉളിയിൽ കാർ സ്വകാര്യ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. ഉളിക്കൽ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. നാല് പേർക്ക് പരിക്കേറ്റു. കർണാടക രജിസ്ട്രേഷൻ കാറാണ് അപകടത്തിൽപ്പെട്ടത്. ഉളിക്കൽ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. കാർ പൂർണമായും തകർന്നു. പരിക്കേറ്റ എല്ലാവരുടെയും നില ഗുരുതരമാണ്.
സംസ്ഥാന പാതയിൽ മട്ടന്നൂർ-ഇരിട്ടി റൂട്ടിൽ ഇന്ന് (ഡിസംബർ 8 ബുധനാഴ്ച) രാവിലെ എട്ട് മണിയോടെ ഉളിയിൽ പാലത്തിന് സമീപമായിരുന്നു അപകടം. തലശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്നു സ്വകാര്യ ബസ്. ഇരിട്ടി ഭാഗത്തേക്ക് പോവുകയായിരുന്നു കാർ. ബസ് സ്റ്റോപ്പിൽ നിർത്തുന്നതിനിടെ നിയന്ത്രണം വിട്ട കാർ ബസിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ആറുപേരാണ് കാറിൽ ഉണ്ടായിരുന്നതെന്നാണ് റിപ്പോർട്ട്. അഗ്നിശമന സേനയെത്തി ഏറെ പണിപ്പെട്ടാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. മട്ടന്നൂർ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.