തൊടുപുഴ: ഇടുക്കി പുല്ലൂപ്പാറയിൽ കെഎസ്ആർടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ് നാല് പേർ മരിച്ചു. മാവേലിക്കരയിൽ നിന്ന് തഞ്ചാവൂരിലേക്ക് വിനോദസഞ്ചാരത്തിന് പോകുകയായിരുന്ന ഒരു സംഘം ആളുകളാണ് ബസിലുണ്ടായിരുന്നത്. മാവേലിക്കരയിലേക്കുള്ള മടക്കയാത്രയ്ക്കിടെയാണ് അപകടം.
മാവേലിക്കര സ്വദേശികളായ രാമമോഹൻ (55), അരുൺ ഹരി (40), സംഗീത് (45), ബിന്ദു (59) എന്നിവരാണ് മരിച്ചത്. 34 യാത്രക്കാരും മൂന്ന് ജീവനക്കാരുമടക്കം 37 പേരാണ് ബസിലുണ്ടായിരുന്നത്. 32 പേർ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും ഒരാൾ പാലാ മെഡിസിറ്റിയിലും ചികിത്സയിലാണ്. മൃതദേഹങ്ങൾ മുണ്ടക്കയം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കുട്ടിക്കാനത്തിനും മുണ്ടക്കയത്തിനും ഇടയിൽ ദേശീയ പാതയിൽ പുല്ലൂപ്പാറയ്ക്ക് സമീപമാണ് സംഭവം. വളവ് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് താഴേക്ക് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. 30 അടിയോളം താഴ്ചയിലേക്ക് വീണു മരങ്ങളിൽ ഇടിച്ചു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.