ചിട്ടി സ്ഥാപനത്തിൽ കോടികളുടെ ക്രമക്കേട് നടത്തിയ മാനേജർക്കെതിരെ കേസെടുത്തു. 20 കോടിയോളം രൂപയുടെ ക്രമക്കേട് നടത്തിയ ഗോകുലം ചിറ്റ് ആന്റ് ഫൈനാൻസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ അസി. ജനറൽ മാനേജറായി ജോലി ചെയ്തിരുന്ന മൗവഞ്ചേരിയിലെ സി ഒ വിനോദിനെതിരെയാണ് സ്ഥാപനത്തിന്റെ ചെയർമാൻ ഗോകുലം ഗോപാലൻ ജില്ലാ റൂറൽ പോലീസ് മേധാവിക്ക് അയച്ച പരാതിയെ തുടർന്ന് ഇരിട്ടി പോലീസ് കേസെടുത്തത്.
സ്ഥാപനം നടത്തിവരുന്ന ചിട്ടികളിൽ ജാമ്യമായി വെക്കുന്ന ഭൂമിയുടെ വിലയിൽ കൃത്രിമം കാണിച്ചാണ് കോടികളുടെ ക്രമക്കേട് നടത്തിയത്. ഭൂമിയുടെ അടിസ്ഥാന വിലയുടെ പത്തും ഇരുപതും ഇരട്ടി വില കാണിച്ച് സ്ഥാപനത്തിന് കോടികളുടെ സാമ്പത്തിക ബാധ്യത വരുത്തുകയായിരുന്നു. ആരോപണ വിധേയനായ മുൻ അസി. ജനറൽ മാനേജർ 2015 മുതൽ 2024 ജനുവരി 12 വരെ ചിട്ടി സ്ഥാപനത്തിന്റെ കണ്ണൂർ മേഖലാ ഓഫീസിലും തുടർന്ന് ഒരു മാസത്തോളം ഇരിട്ടി മേഖലാ ഓഫീസിലും ജോലി ചെയ്തിരുന്നു.