കൊട്ടിയൂർ പഞ്ചായത്തിൽ പന്നിപ്പനി വ്യാപകം... #kottiyoor


 

കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ നെല്ലിയോടിയിലെ എം ടി കിഷോറിന്റെ റോയൽ പിഗ് ഫാം എന്ന പന്നിഫാമിലെ പന്നികളിൽ ആഫ്രിക്കൻ പന്നിപ്പനി (ആഫ്രിക്കൻ സൈ്വൻ ഫീവർ) സ്ഥിരീകരിച്ചതായി ജില്ലാ മൃഗ സംരക്ഷണ ഓഫീസർ അറിയിച്ചു.


ഈ സാഹചര്യത്തിൽ ഈ ഫാമിലെയും മേഖലയിലെ  മറ്റ് രണ്ട് ഫാമുകളിലെയും മുഴുവൻ പന്നികളെയും എല്ലാ വിധ പ്രോട്ടോക്കോളുകളും പാലിച്ച് ഉടൻ പ്രാബല്യത്തോടെ ഉന്മൂലനം ചെയ്യാൻ ദുരന്ത നിവാരണ നിയമപ്രകാരം ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ ഉത്തരവിട്ടു.


തീറ്റ നശിപ്പിക്കുകയും അണുനശീകരണം നടത്തുകയും ജഡങ്ങൾ മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കരിക്കുകയും ചെയ്യണം.

സൗമ്യ തോമസ്, പുത്തൻപറമ്പിൽ ഹൗസ്, കൊട്ടിയൂർ, ജോസഫ്, പുത്തൻ പുരയിൽ, കൊട്ടിയൂർ എന്നിവരുടെ ഫാമുകളിലെ പന്നികളെയും ഉൻമൂലനം ചെയ്യാനാണ് ഉത്തരവ്.

രോഗം സ്ഥിരീകരിച്ച പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത പ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു.


ഈ പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികളെ ജില്ലയിലെ മറ്റ് പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റ് പ്രദേശങ്ങളിൽ നിന്ന് നിരീക്ഷണ മേഖലയിലേക്ക് കൊണ്ടുവരുന്നതും മൂന്നു മാസത്തേക്ക് നിരോധിച്ചു. 

കൊട്ടിയൂർ ഗ്രാമ പഞ്ചായത്തിലെ രോഗം സ്ഥിരീകരിച്ച പന്നി ഫാമുകളിൽ നിന്നും മറ്റ് ഫാമുകളിലേക്ക് കഴിഞ്ഞ രണ്ടു മാസങ്ങൾക്കുള്ളിൽ പന്നികളെ കൊണ്ടുപോയിട്ടുണ്ടോ എന്ന് പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് നിർദേശം നൽകി.


മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റ് പ്രവേശന മാർഗങ്ങളിലും പോലീസുമായും ആർടിഒയുമായും  ചേർന്ന് മൃഗസംരക്ഷണ വകുപ്പ് കർശന പരിശോധന നടത്തും. രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് പ്രസ്തുത സംഘം ഉറപ്പ് വരുത്തേണ്ടതാണെന്നും അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0