ആലക്കോട് :
ചപ്പാരപ്പടവ് പഞ്ചായത്തിലെ തലവിൽ കുറുവമ്പൊയിലിൽ പുലി എത്തിയതായി സംശയം. കുറുവമ്പൊയിലിലെ ശ്രീകലയാണ് വീട്ടുമുറ്റത്ത് പുലിയെ കണ്ടതായി പറയുന്നത്. ഉടൻതന്നെ ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. രാത്രിയിൽ വീടിന് പുറത്ത് ലൈറ്റ് പ്രകാശിപ്പിക്കണമെന്നും പുറത്ത് ഒറ്റയ്ക്ക് ഇറങ്ങി നടക്കരുതെന്നും വനം വകുപ്പ് അധികൃതർ അറിയിച്ചു. ദിവസങ്ങൾക്കു മുമ്പ് ചെറുപുഴയിലും പിന്നീട് പെരിങ്ങോം വയക്കരയിലും ശേഷം എരമം കുറ്റൂർ പഞ്ചായത്തിലും എത്തിയ പുലി തന്നെയാണ് ഇതെന്ന് സംശയിക്കുന്നു.മലയോരമേഖലയിൽ തോട്ടങ്ങൾ കാടുപിടിച്ചുകിടക്കുന്നതും റോഡരികുകൾ വലിയ കാടായി മാറിയതും മൃഗങ്ങളുടെ സാന്നിധ്യം വർധിക്കാൻ കാരണമായിട്ടുണ്ട്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗപ്പെടുത്തി വലിയ കാടുകൾ വെട്ടിത്തെളിച്ചാൽ കാട്ടുമൃഗങ്ങളുടെ ശല്യം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിയുമെന്നാണ് കർഷകർ അഭിപ്രായപ്പെടുന്നത്.