വെറുപ്പ് മാത്രം ഉൽപ്പാദിപ്പിക്കുന്ന ഫാക്ടറിയാണ് ബിജെപിയെന്ന് സന്ദീപ് വാര്യർ. ബി.ജെ.പി ഏകാധിപത്യ പ്രവണതയുള്ള സംഘടനയാണെന്നും ബി.ജെ.പിയിൽ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. സുരേന്ദ്രനും സംഘവുമാണ് ബിജെപി വിടാൻ കാരണം. ടെലിവിഷൻ സംവാദങ്ങളിൽ നിന്ന് ബിജെപിയെ വിലക്കി. ബിജെപിയിൽ താൻ നേരിട്ടത് ഒറ്റപ്പെടലാണെന്നും സന്ദീപ് വാര്യർ പറഞ്ഞു.
ഇനി മുതൽ ഞാൻ കോൺഗ്രസ്സ് സ്നേഹത്തിൻ്റെ കടയിൽ തന്നെ തുടരും. കോൺഗ്രസിൻ്റെ ആശയം ഇന്ത്യയുടെ ആശയമാണെന്നും സന്ദീപ് പറഞ്ഞു. ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത വേദിയിൽ കെ സുധാകരൻ സന്ദീപ് വാര്യരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഉപതെരഞ്ഞെടുപ്പിൻ്റെ നിർണായക ഘട്ടത്തിൽ നേതൃത്വത്തെ പരസ്യമായി വെല്ലുവിളിച്ച സന്ദീപ് വാര്യർ പാർട്ടി വിടുന്നത് ബി.ജെ.പിയെ കടുത്ത പ്രതിസന്ധിയിലാക്കി. പാലക്കാട് സീറ്റ് നിഷേധിച്ചതും പാർട്ടിയിൽ നിന്ന് നേരിടേണ്ടി വന്ന അവഗണനയുമാണ് സന്ദീപിനെ കൂടുതൽ ചൊടിപ്പിച്ചത്.
നേരത്തെ ചില പരാതികളെ തുടർന്ന് സന്ദീപിനെ വക്താവ് ഉൾപ്പെടെയുള്ള ചുമതലകളിൽ നിന്ന് നീക്കിയിരുന്നു. പിന്നീട് ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് സന്ദീപിനെ നേതൃനിരയിലേക്ക് തിരികെ കൊണ്ടുവരാൻ കെ.സുരേന്ദ്രൻ തന്നെ മുൻകൈയെടുത്തു. ഇതിന് ശേഷവും തന്നോട് ശരിയായ രീതിയിൽ പെരുമാറിയില്ലെന്ന് സന്ദീപ് പരാതി ഉന്നയിച്ചിരുന്നു.