എഡിഎമ്മിന്‍റെ മരണം; പിപി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ച് കോടതി... #kannur_News

 


കണ്ണൂർ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പ്രതി പി പി ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു.
തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു പിപി ദിവ്യ.

ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചതെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു. അഭിഭാഷകനുമായി ആലോചിച്ച് തുടർനടപടികളിലേക്ക് കടക്കും. കൂടുതൽ പ്രതികരണം പിന്നീടെന്നും മഞ്ജുഷ പറഞ്ഞു.

അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നൽകണമെന്നുമായിരുന്നു ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യ ത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയിൽ സമ്മതിച്ചിരുന്നു. അടുത്ത ചൊവ്വാഴ്ച ഇവരുടെ റിമാൻഡ് കാലാവധി അവസാനിക്കും.

അതേ സമയം, ദിവ്യക്കെതിരെ പാർട്ടി കടുത്ത നടപടിയാണ് സ്വീകരിച്ചത്. കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയിരുന്നു. സിപിഎമ്മിൽ ഏറ്റവും ഉയർന്ന രണ്ടാമത്തെ അച്ചടക്ക നടപടിയാണ് ബ്രാഞ്ച് അംഗത്വത്തിലേക്കുള്ള തരംതാഴ്ത്തൽ. ദിവ്യയെ തരംതാഴ്ത്താൻ കണ്ണൂർ ജില്ലാ കമ്മിറ്റിയെടുത്ത തീരുമാനം സംസ്ഥാന നേതൃത്വത്തിന്റെ അനുമതിക്കായി വിട്ടിരുന്നു. ഇത് പ്രകാരം ഇന്നലെ ഓൺലൈനായി ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗമാണ് നടപടിക്ക് അംഗീകാരം നൽകിയത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0