ഇന്നത്തെ പ്രധാന വാർത്തകൾ സംഭവങ്ങൾ ഒറ്റ നോട്ടത്തിൽ | 27 നവംബർ 2024 | #NewsHeadlinesToday

• തമിഴ്‌നാട്ടിൽ അതിശക്തമായ മഴ. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും കാരയ്ക്കലിലും മഴ മുന്നറിയിപ്പ് ഉണ്ട്.

• സംസ്ഥാനത്ത് ബുധനാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്.

• കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കിയതിലൂടെ മാലിന്യം വിറ്റ് 23 കോടി രൂപ നേടി ഹരിത കർമ്മ സേന. ഈ വർഷം മാത്രം 6 കോടിയോളം രൂപയാണ് ഹരിത കർമ്മ സേനാംഗങ്ങളുടെ അക്കൗണ്ടിലെത്തിയത്.

• വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുത്ത് വനം വകുപ്പ്. തോൽപ്പെട്ടി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി കൃഷ്ണനെ സസ്പെൻഡ് ചെയ്തു.

• ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം. അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. എഴുപത്തഞ്ച് രൂപയുടെ നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കി.

• മഹാരാഷ്ട്രയില്‍ പ്രതിപക്ഷം വേട്ടെടുപ്പ് അട്ടിമറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ വോട്ടുകണക്കിലെ വലിയ പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ആകെ പോള്‍ ചെയ്തതിനേക്കാള്‍ അഞ്ച് ലക്ഷം വോട്ടുകള്‍ അധികമായി എണ്ണിയെന്ന കണക്ക് 'ദ് വയര്‍' മാഗസിനാണ് പുറത്തുവിട്ടത്.

• ദുരന്തനിവാരണവുമായി ബന്ധപ്പെട്ട ഉന്നതതല സമിതിയോഗത്തിലും ചൂരല്‍മലയ്ക്ക് പ്രത്യേക സഹായമില്ല. പ്രകൃതി ദുരന്തങ്ങളുടെ അപകട സാധ്യത കുറയ്ക്കാനും അവയെ നേരിടുന്നതിനുള്ള കാര്യക്ഷമതാ പദ്ധതികള്‍ക്കുമായി 15 സംസ്ഥാനങ്ങള്‍ക്ക് 1,115.67 കോടി രൂപ അനുവദിച്ചതില്‍ 72 കോടി രൂപ മാത്രമാണ് കേരളത്തിന് ലഭിക്കുക.

• ഗുണഭോക്താവ് മരിച്ച ശേഷം സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ തുകയില്‍ അനന്തരാവകാശികള്‍ക്ക് അവകാശമില്ല എന്ന് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ സര്‍ക്കുലർ.

• പാന്‍കാര്‍ഡിനെ വിവിധ സര്‍ക്കാര്‍ ഏജന്‍സി പ്ലാറ്റ്‌ഫോമുകളില്‍ പൊതു തിരിച്ചറിയല്‍രേഖയാക്കി ഡിജിറ്റല്‍ ഇന്ത്യ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താന്‍ പാന്‍ 2.0 പദ്ധതി വരുന്നു. നികുതിദായകരുടെ രജിസ്‌ട്രേഷന്‍ ഉള്‍പ്പെടെ സാങ്കേതികവിദ്യയിലധിഷ്ഠിതമാക്കുന്ന ആദായനികുതിവകുപ്പിന്റെ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0