ഇനി പാസ്‌വേഡ് മാറ്റാൻ പാടുപെടുമോ?: എസ്എംഎസിൽ സുരക്ഷിത ലിങ്ക്‌; ട്രായ് നിർദേശം ചൊവ്വാഴ്ച മുതൽ... #Tech

എസ്.എം.എസ്. വഴി ലിങ്കുകള്‍ അയക്കുന്നതുമായി ബന്ധപ്പെട്ട് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുറത്തിറക്കിയ പുതിയ ഉത്തരവ് ചൊവ്വാഴ്ച പ്രാബല്യത്തില്‍വരും. വൈറ്റ്‌ലിസ്റ്റ് ചെയ്യാത്ത യു.ആര്‍.എല്‍., എ.പി.കെ.എസ്., ഒ.ടി.ടി. ലിങ്കുകളുമായി ബന്ധപ്പെട്ട എസ്.എം.എസുകള്‍ തടയാനാണ് ട്രായ് നിര്‍ദേശം. വൈറ്റ്‌ലിസ്റ്റ് ചെയ്യാത്ത ലിങ്കുകള്‍ ഇനി വാണിജ്യസ്ഥാപനങ്ങള്‍ക്ക് അയക്കാന്‍ സാധിക്കില്ല.

3000 സ്ഥാപനങ്ങളില്‍നിന്നായി 70,000-ഓളം ലിങ്കുകള്‍ ഇതുവരെ വൈറ്റ്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ഇത് വളരെ കുറഞ്ഞ കണക്കാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാസ്‌വേഡ് മാറ്റുന്നതടക്കം ഓരോ വ്യക്തികള്‍ക്കും പ്രത്യേകമായി ജനറേറ്റ് ചെയ്യുന്ന ലിങ്കുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. ഇത്തരം ലിങ്കുകള്‍ക്ക് ട്രായിയുടെ മുന്‍കൂര്‍ അനുമതി തേടാന്‍ കഴിയില്ലന്നും ഇവര്‍ വ്യക്തമാക്കുന്നു.

തട്ടിപ്പ് ലിങ്കുകളും ആപ്പുകളും അയക്കുന്നത് തടയാനാണ് ട്രായ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. വിശ്വസനീയമായ രീതിയില്‍ വ്യാജലിങ്കുകള്‍ അയച്ച് തട്ടിപ്പുകള്‍ നടത്തുന്നത് തടയാനായിരുന്നു ട്രായുടെ നിര്‍ദേശം. നേരത്തെ സെപ്റ്റംബര്‍ ഒന്നുമുതല്‍ നടപ്പാക്കാനാണ് ട്രായ് ഉദ്ദേശിച്ചിരുന്നതെങ്കിലും ബാങ്കുകളുടേയും ടെലികോം കമ്പനികളുടേയും ആവശ്യം പരിഗണിച്ച് നീട്ടിവെക്കുകയായിരുന്നു. ഒ.ടി.പികളെ പുതിയ പരിഷ്‌കാരം ബാധിച്ചേക്കുമെന്ന് കമ്പനികള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0