മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ മണിച്ചിത്രത്താഴ് റീറിലീസ് ചെയ്യുകയാണല്ലോ. നിലവാരം കുറഞ്ഞ ഹൊറർ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തവും ഉദ്വേഗവും തമാശനിറഞ്ഞതുമാണ് മണിച്ചിത്രത്താഴ്. മനുഷ്യനെ വിശ്വസിപ്പിക്കാൻ തക്കവണ്ണം സകല ചേരുവകളും ചേർത്ത് എടുത്ത ഒരു സിനിമ. അതുകൊണ്ട് തന്നെയാണ് ഇന്നും ഈ സിനിമ മലയാളികളെ വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്നതും ഒട്ടേറെ ഭാഷകളിലേക്ക് പുനർനിർമ്മിക്കപെടാൻ കാരണമായതും.
എന്നാലും സിനിമയെ സിനിമയായി കാണാൻ നാം മറന്നുപോകരുത്. അതിൽ പലതും അതിശയോക്തിയോടെ പരാമർശിക്കുന്നത് നമ്മെ രസിപ്പിക്കാനാണ് എന്ന് മനസ്സിലാക്കുക. ‘ഡിസോസിയേറ്റീവ് ഐഡൻറിറ്റി ഡിസോഡർ’ എന്ന ഒരു മാനസികരോഗം പലപ്പോഴും ഭൂതമായും പിശാചായും ആത്മാവായും പ്രേതമായും ലോകം മുഴുവൻ കരുതിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പ്രേത ഭൂതാദികളെ അകറ്റാൻ അന്ന് പല രാജ്യങ്ങളിലും വിവിധ രീതിയിലുള്ള ഉച്ചാടന പ്രക്രിയകളും നടത്തിപ്പോന്നിരുന്നു. എന്നാൽ ശാസ്ത്രം വളർന്നു കഴിഞ്ഞപ്പോൾ ഇതൊരു മാനസിക രോഗമാണെന്ന് നാം തിരിച്ചറിഞ്ഞു. അപ്പോൾ പിന്നെ പഴയ സിദ്ധാന്തങ്ങളെ നാം മുറുകെ പിടിക്കേണ്ടതില്ല എന്ന് സാരം.
രോഗാവസ്ഥ അന്നും ഇന്നും ഒന്നാണ് എന്നതുകൊണ്ട് അതിന്റെ ലക്ഷണങ്ങളുമൊന്നു തന്നെ. അത് ഈ സിനിമയിൽ നല്ല വൃത്തിയായി ചിത്രീകരിച്ചിട്ടുണ്ട്. ഇത്തരം രോഗങ്ങളുടെ തുടക്കം പലപ്പോഴും കുട്ടിക്കാലത്തെ അനുഭവങ്ങളും കുട്ടികളിലെ മാനസിക അനാരോഗ്യ പ്രശ്നങ്ങളുമാകാം എന്നതും വളരെ ഭംഗിയായി ഈ ചിത്രത്തിൽ കാണിക്കുന്നുണ്ട്. ഇന്ന് മനോരോഗചികിത്സകന്റെ അടുത്തെത്തുന്ന രോഗികളുടെ ബന്ധുക്കൾക്ക് വേണ്ടത് ഡോക്ടർ സണ്ണിയുടെ ചികിത്സാഫലം തന്നെയാണ്. ഒരു ഡാൻസും അതിനോടനുബന്ധിച്ച് നടത്തുന്ന നാടകങ്ങളും കഴിഞ്ഞ് കുഴഞ്ഞുവീഴുന്ന നായികയുടെ ശരീരത്തിൽ നിന്ന് നാഗവല്ലി ഇറങ്ങിപ്പോയത്പോലെ തേജസും ഓജസും ഉള്ള ഒരു ഗംഗയെ ഉറക്കത്തിൽ നിന്നും ഉണർത്തി നൽകണമെന്നാണ് പലരുടെയും ആവശ്യം. ഇതിനായി ബ്രഹ്മദത്തൻ നമ്പൂതിരിമാരെ വിളിച്ച് കളമൊരുക്കുവാനും കാശു മുടക്കുവാനും റെഡിയായിട്ടാണ് പലരും വരുന്നത് തന്നെ. മറ്റു ചിലർക്കാകട്ടെ, ഗംഗേ… !! എന്നുറക്കെ വിളിച്ച് നാഗവല്ലിയെ താൽക്കാലികമായിട്ടാണെങ്കിലും പുറത്തിറക്കിയാൽ മതി. ശാസ്ത്രീയ ചികിത്സയൊന്നും വേണ്ട എന്ന് ആദ്യമേ പ്രസ്താവിച്ചുകളയും. ഇത്തരത്തിലൊന്ന് ഇടയ്ക്കിടെ മെരുക്കി എടുത്താൽ മതി അവർക്ക്.
ഇതിനുകാരണം ശാസ്ത്രീയ അടിസ്ഥാനത്തിലുള്ള ആധുനിക ചികിത്സയോട് ഇവർക്ക് തീരെ താല്പര്യമില്ലായെന്നതാണ്. പലപ്പോഴും ഇത്തരം രോഗികൾക്ക് ആത്മഹത്യാ പ്രവണതയും സ്വയം പരിക്കേൽപ്പിക്കാനുള്ള വ്യഗ്രതയും കൂടുതലാണെന്ന് മനസ്സിലാക്കുക. അതുകൊണ്ടാണ് രോഗിയുടെ സുരക്ഷയ്ക്ക് പ്രഥമ പരിഗണന നൽകുന്നത്. പിന്നീട് ഇതുടലെടുക്കാൻ തക്ക സമ്മർദ്ദങ്ങൾ ഉണ്ടോ എന്ന് നോക്കിയും അന്തർലീനമായ മറ്റ് പ്രശ്നങ്ങൾ ഉണ്ടോ എന്ന് പരിഗണിച്ചും ഉചിതമായ ചികിത്സാവിധി നൽകുകയാണ് വേണ്ടത്. ഇതിനൊക്കെ അതിന്റേതായ സമയവും കാലവും വേണമെന്ന് സാരം. പലപ്പോഴും ഇത്തരം രോഗികളെ കണ്ടെത്തുക തന്നെ വളരെ വൈകിയായിരിക്കും. അതുകൊണ്ടുതന്നെ ദീർഘമായ ചികിത്സയും മേൽനോട്ടവും വേണ്ട ഒന്നാണിത്. ചുരുക്കത്തിൽ ഡോക്ടർ സണ്ണിയെപോലെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിച്ചാലൊന്നും പിടുത്തം തരുന്ന ഒന്നല്ല ഇതെന്ന് ചുരുക്കം.