ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഏഴു പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഒരു ഡോക്ടറും ആറ് കുടിയേറ്റ തൊഴിലാളികളും ഉൾപ്പെടുന്നു. സോനാമാർഗ് മേഖലയിൽ നിർമാണത്തിലിരിക്കുന്ന തുരങ്കത്തിനു സമീപമായിരുന്നു ആക്രമണം. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഭീകരാക്രമണത്തെ അപലപിച്ചു.
ഭീകരർക്കെതിരെ സൈന്യം നടപടി ശക്തമാക്കി. സൈന്യം പ്രദേശം വളയുകയും തിരച്ചിൽ ആരംഭിക്കുകയും ചെയ്തു. രണ്ട് ഭീകരരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നിൽ പാക് ഭീകരരാണെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഭീകരാക്രമണത്തിൽ രണ്ടുപേർ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. സ്വകാര്യ ഉടമസ്ഥതയിലുള്ള ടണൽ നിർമാണ സ്ഥലത്താണ് ആക്രമണം നടന്നത്.
അതിനിടെ, ഉറിയിൽ കൊല്ലപ്പെട്ട ഭീകരനിൽ നിന്ന് വൻ ആയുധശേഖരം കണ്ടെടുത്തു. ഒരു എകെ 47 തോക്ക്, 2 എകെ മാഗസിനുകൾ, 57 എകെ റൗണ്ടുകൾ, 2 പിസ്റ്റളുകൾ, 3 പിസ്റ്റൾ മാഗസിനുകൾ എന്നിവ കണ്ടെടുത്തു. ഇന്നലെ രാവിലെ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ മുട്ടലിൽ സൈന്യം വധിച്ചിരുന്നു.