വൈറ്റ് ലിസ്റ്റ് ചെയ്ത യു.ആര്‍.എല്‍., എ.പി.കെ.എസ്., ഒ.ടി.ടി. ലിങ്കുകള്‍ മാത്രമേ എസ്.എം.എസില്‍ അയക്കാവൂ എന്ന് സേവന ദാതാക്കള്‍ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) നിര്‍ദേശം നല്‍കി. ലിങ്കുകള്‍ വൈറ്റ് ലിസ്റ്റ് ചെയ്തിട്ടില്ലെങ്കില്‍ സന്ദേശങ്ങള്‍ കൈമാറില്ല. ഇത് ഒക്ടോബര്‍ ഒന്നിനകം നടപ്പാക്കും.
യു.ആര്‍.എലുകള്‍ (യൂണിഫോം റിസോഴ്സ് ലോക്കേറ്റേഴ്സ്) അടങ്ങിയ സന്ദേശങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് നിര്‍ദേശം. ഇതുവരെ, 70,000-ലധികം ലിങ്കുകള്‍ വൈറ്റ്ലിസ്റ്റ് ചെയ്തുകൊണ്ട് 3,000-ലധികം രജിസ്റ്റേഡ് സെന്‍ഡര്‍മാര്‍ ഈ നിര്‍ദേശം പാലിച്ചു.
സുതാര്യവും സുരക്ഷിതവുമായ ആശയവിനിമയ സംവിധാനം പരിപോഷിപ്പിക്കുന്നതോടൊപ്പം ദോഷകരമായ ലിങ്കുകള്‍ തടയുകയും ഉപയോക്താവ് ആവശ്യപ്പെടാത്ത സന്ദേശങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുകയുമാണ് ലക്ഷ്യം.