കണ്ണൂർ:റബ്ബർ വില കുതിക്കുന്നുണ്ടെങ്കിലും മലയോരത്തെ കർഷകർ ദുരിതത്തില്‍. കാലാവസ്ഥ വ്യതിയാനം കാരണം സമയം തെറ്റിയെത്തുന്ന മഴയാണ് കർഷകരെ വലയ്ക്കുന്നത്.
ഇത് ടാപ്പിംഗിനെ തടസപ്പെടുത്തും. മഴക്കാലത്ത് സാധാരണയായി ഉത്പാദനം വർദ്ധിക്കുന്നതാണ് പതിവ്. അതിന് മഴക്കാലത്തിനു മുന്നോടിയായി റബറിന് റെയിൻ ഗാർഡിംഗ് സ്ഥാപിക്കണം. എന്നാല്‍, ഇത്തവണ റെയിൻ ഗാഡിംഗിനുള്ള സബ്സിഡി റബർ ബോർഡ് നല്‍കാത്തതാണ് ടാപ്പിംഗ് നിലക്കാൻ കാരണമായത്. ഇതോടെ ഉത്പാദനം കുറഞ്ഞു.
കുണ്ട് തോട്, തൊട്ടില്‍പ്പാലം, മരുതോങ്കര തുടങ്ങിയ സ്ഥലങ്ങളില്‍ രാവിലെ ടാപ്പിംഗിന് എത്തുന്ന കർഷകരും തൊഴിലാളികളും മഴ കാരണം മടങ്ങേണ്ട സ്ഥിതിയാണ്. കനത്ത രീതിയില്‍ റബ്ബർ ഇലകള്‍ പൊഴിയുന്നതും കർഷകരെ ആശങ്കയിലാക്കുന്നുണ്ട്.
ഇതിന്റെ ഫലമായി അറുപത് ശതമാനത്തോളം ഉത്പാദനം കുറയുന്നതായി റബ്ബർ കർഷകർ പറയുന്നു.
*കേന്ദ്ര പദ്ധതി നടപ്പാക്കിയില്ല❗*
മാർച്ചില്‍ കേന്ദ്രം പ്രഖ്യാപിച്ച റെയിൻ ഗാഡിംഗിനുള്ള സഹായ പദ്ധതി റബ്ബർ ബോർഡ് നടപ്പാക്കിയില്ല. ഹെക്ടറിന് 4,000 രൂപ നല്‍കുന്നതായിരുന്നു പദ്ധതി. ഇതെങ്ങനെ നടപ്പാക്കണമെന്ന് ബോർഡ് ഇനിയും അന്തിമ തീരുമാനമെടുത്തില്ലെന്നാണ് കർഷകർ പറയുന്നത്.
നേരത്തേ റബ്ബർ ഉത്പാദക സംഘങ്ങള്‍ (ആർ.പി.എസ്) മഴമറക്കുള്ള പ്ലാസ്റ്റിക്, പശ, ബെല്‍റ്റ് എന്നിവ വാങ്ങി കൃഷിക്കാർക്ക് വിതരണം ചെയ്തിരുന്നു. പിന്നീട് ബില്ല് നല്‍കി സംഘം റബ്ബർ ബോർഡില്‍ നിന്ന് പണം വാങ്ങുന്നതാണ് പതിവെന്നും കർഷകർ പറയുന്നു.
റെക്കോർഡ് വില
12 വർഷത്തിന് ശേഷം ഇത്തവണ റബ്ബറിന് വില റെക്കോർഡ് വിലയാണ്. ഒരു കിലോ ആർ.എസ്.എസ് 4ന് 227 രൂപയാണ് വില. ഷീറ്റിനെ മറികടന്ന് ലാറ്റക്സ് വില 270 രൂപ വരെ എത്തിയിരുന്നു. വില കുതിക്കുന്ന ഘട്ടത്തില്‍ ആവശ്യത്തിന് ഉത്പാദനം ഇല്ലാത്തത് കർഷകർക്ക് തിരിച്ചടിയാണ്.