ഓണസദ്യ വിളമ്പേണ്ടത് എങ്ങനെ? അറിയാം... #Onam2024

 


 ജാതി മതഭേദമന്യേ ലോകത്തിന്റെ എല്ലാ കോണിലുമുള്ള മലയാളികൾ ആഘോഷിക്കുന്ന ഒന്നാണ് ഓണം. തിരുവോണ നാളെന്നു കേൾക്കുമ്പോൾ തന്നെ നാവിൽ രുചിയൂറും. കാരണം തിരുവോണമെന്നാൽ തൂശനിലയിൽ വിളമ്പുന്ന വിഭവസമൃദ്ധമായ സദ്യ കൂടി ചേർന്നാലേ പൂർണമാവൂ. ഉപ്പേരി, പഴം, പപ്പടം, പായസം തുടങ്ങി 12 ലധികം വിഭവങ്ങൾ ചേരുന്നതാണ് ഓണസദ്യ. 

ഓണസദ്യ വിളമ്പേണ്ടത് എങ്ങനെ?

വിളമ്പുന്നതിനും ഉണ്ണുന്നതിനുമെല്ലാം അതിന്‍റേതായ ചിട്ടവട്ടങ്ങളുണ്ട്. തൊട്ടുകൂട്ടാനുളളതും, ചാറ് കറിയും, കൂട്ടുകറിയും സദ്യയില്‍ വേണം. തുമ്പ് മുറിക്കാത്ത വാഴയിലയിലാണ് ഓണസദ്യ വിളമ്പേണ്ടത്. സദ്യ കഴിക്കാനിരിക്കുന്ന ആളുടെ ഇടത് വശത്ത് വാഴയിലയുടെ തുമ്പ് വരുന്ന തരത്തിലാണ് ഇല വയ്ക്കേണ്ടത്.

ആദ്യം വിളമ്പുന്നത് ഉപ്പേരിയാണ്. ഇലയുടെ ഇടത്തേ അറ്റത്താണ് ഉപ്പേരി വിളമ്പുന്നത്. സാധാരാണ മൂന്നിനം ഉപ്പേരിയാണ് വിളമ്പാറുളളത്. കായ വറുത്തത്, ചേമ്പ് വറുത്തത്, നേന്ത്രക്കായ വറുത്തെടുത്ത് ശർക്കര പാവു കാച്ചിയ ശർക്കര ഉപ്പേരി. വിഭവങ്ങളിൽ ഉപ്പ് കൂടുതൽ ആവശ്യമുളളവർക്കായി ഉപ്പും വയ്ക്കാറുണ്ട്. അതിനുശേഷം ചെറുപഴവും ചെറുതും വലുതുമായ രണ്ടു പപ്പടവും വിളമ്പും. തുടർന്ന് ഇഞ്ചിക്കറി, നാരങ്ങ കറി, മാങ്ങ കറി എന്നിവയും വിളമ്പും.

ഇലയുടെ വലത്തെ അറ്റത്തായി അവിയൽ വിളമ്പും. അതിന് അടുത്തായി തോരനും കിച്ചടിയും പച്ചക്കടിയും കുറച്ച് കുറച്ച് വിളമ്പും. തുടർന്ന് കൂട്ടുകറിയും കാളനും ഓലനും വിളമ്പും. കാളന്‍, ഓലന്‍, അവിയല്‍, തോരന്‍, എരിശ്ശേരി, മെഴുക്കുപുരട്ടി ഇതൊക്കെയാണ് മറ്റുകറികള്‍. ഇതു കഴിഞ്ഞാൽ ചോറു വിളമ്പും. ചോറിനൊപ്പം പരിപ്പും നെയ്യും ഒഴിച്ച് പപ്പടം പൊട്ടിച്ച് ഊണ് തുടങ്ങാം. അതു കഴിഞ്ഞാൽ സാമ്പാർ കൂട്ടി ചോറു കഴിക്കാം. അതു കഴിഞ്ഞാൽ ചിലയിടങ്ങളിൽ പായസം വിളമ്പാറുണ്ട്. എന്നാൽ പലയിടത്തും സാമ്പാറിനുശേഷം പുളിശേരിയോ കാളനോ വിളമ്പാറുണ്ട്.

പായസങ്ങളിൽ ആദ്യം അടപ്രഥമനാണ് വിളമ്പാറുളളത്. പായസങ്ങളിൽ രാജാവാണ് അടപ്രഥമൻ. അതിനുശേഷം പഴപ്രഥമൻ, കടലപ്രഥമൻ, ഗോതമ്പ് പായസം എന്നിവയും വിളമ്പാറുണ്ട്. ഏറ്റവും അവസാനമാണ് പാൽപ്പായസം വിളമ്പാറുളളത്. ചിലയിടങ്ങളിൽ പാൽപ്പായസത്തിനൊപ്പം ബോളി എന്ന പലഹാരം കൂടി നൽകാറുണ്ട്. പായസങ്ങൾ കഴിഞ്ഞാൽ പിന്നെ മോരും രസവും വിളമ്പും. കൈക്കുമ്പിളിൽ ഇവ വാങ്ങി കുടിക്കാറാണ് പതിവ്. മോര് വിളമ്പുന്നതോടെയാണ് ഓണസദ്യ പൂർത്തിയാവുക.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0