രാജ്യത്ത് ആദ്യമായി എം പോക്‌സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എം പോക്‌സ് പ്രതിരോധം എങ്ങനെയാകണമെന്ന ചര്‍ച്ചകള്‍ സജീവമാകുകയാണ്. രാജ്യത്തേക്ക് ആദ്യമായി കടന്നെത്തിയ ഈ രോഗത്തെക്കുറിച്ച് മനസിലാകുക എന്നത് എംപോക്‌സ് പ്രതിരോധത്തിന്റെ ആദ്യപടിയാണ്. രോഗത്തിന്റെ ഉത്ഭവവും ലക്ഷണങ്ങളും പ്രതിരോധവും മനസിലാക്കാം.
എന്താണ് എംപോക്‌സ്?
1958ല്‍ ഡെന്മാര്‍ക്കില്‍ പരീക്ഷണങ്ങള്‍ക്കായുള്ള കുരങ്ങുകളിലാണ് മങ്കിപോക്‌സ് ആദ്യമായി കണ്ടെത്തിയത്. 1970-ല്‍ ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഒമ്പതു മാസം പ്രായമുള്ള ഒരു കുട്ടിയിലാണ് ആദ്യമായി രോഗം മനുഷ്യരില്‍ റിപ്പോര്‍ട്ട് ചെയ്തത്.
വസൂരിക്ക് കാരണമാകുന്ന ഓര്‍ത്തോപോക്‌സ് വൈറസ് ജനുസ്സില്‍പ്പെട്ടതാണ് മങ്കിപോക്‌സ് വൈറസ്. ക്ലേഡ് 1, ക്ലേഡ് 2 എന്നിങ്ങനെ രണ്ടു വകഭേദങ്ങളാണ് വൈറസിനുള്ളത്. വൈറസ് ബാധയുണ്ടായാല്‍ ഒന്നുമുതല്‍ രണ്ടാഴ്ചക്കുള്ളില്‍ ലക്ഷണങ്ങള്‍ ഉണ്ടാകും.
രോഗലക്ഷണങ്ങള്‍ എന്തൊക്കെ?
കടുത്ത പനി, പേശീവേദന, ലിംഫ് നോഡുകളിലെ വീക്കം, തലവേദന,. ത്വക്കില്‍ പഴുപ്പും ചൊറിച്ചിലും വേദനയുമുള്ള കുമിളകള്‍, തടിപ്പുകള്‍.എന്നിവയാണ് ലക്ഷണങ്ങള്‍. അണുബാധിതരായവരുമായോ രോഗം ബാധിച്ച മൃഗങ്ങളുമായുള്ള ശാരീരിക സമ്പര്‍ക്കത്തിലൂടെ രോഗം പകരാം.
രോഗം പകരുന്നത് എങ്ങനെ?
കുരങ്ങുമാത്രമല്ല, എലി, അണ്ണാന്‍ തുടങ്ങിയ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും പകരും. വൈറല്‍ രോഗമായതിനാല്‍ എംപോക്‌സിന് പ്രത്യേക ചികിത്സയില്ല. രോഗലക്ഷണങ്ങള്‍ ലഘൂകരിക്കുക, രോഗം മൂലമുള്ള സങ്കീര്‍ണതകള്‍ കൈകാര്യം ചെയ്യുക എന്നതിലൂടെ വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാം.
രോഗപ്രതിരോധം
എം പോക്സ് ലക്ഷണങ്ങള്‍ ഉള്ളയാളെ മറ്റുള്ളവരില്‍ നിന്നും ഒറ്റപ്പെടുത്തുകയും നിരീക്ഷണത്തില്‍ വയ്ക്കുകയും വേണം. എം പോക്സ് ബാധിതനാണെങ്കില്‍ വ്രണങ്ങളും തടിപ്പുകളും പൂര്‍ണമായും ഇല്ലാതാകുന്നതു വരെ മറ്റുള്ളവരില്‍ നിന്നും അകല്‍ച്ച പാലിക്കണം. രോഗം ഭേദമാകാന്‍ രണ്ടു മുതല്‍ നാലാഴ്ച വരെ സമയമെടുത്തേക്കും.
എംപോക്‌സിനെതിരെ ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചിട്ടുള്ള വാക്സിനുകളുണ്ട്. എം വി എ-ബി എന്‍, എല്‍ സി 16, എ സി എ എം 2000 എന്നീ മൂന്ന് വാക്സിനുകളാണ് എം പോക്സിനെതിരെ ഡബ്ല്യു എച്ച് ഒ ശുപാര്‍ശ ചെയ്യുന്നത്. എംപോക്‌സുള്ള ആളുമായി സമ്പര്‍ക്കം പുലര്‍ത്തിയാല്‍ നാലു ദിവസത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കണം.
2022-ല്‍ ക്ലേഡ് 2ബി വൈറസ് വകഭേദമാണ് രോഗവ്യാപനത്തിന് കാരണമായതെങ്കില്‍ ഇപ്പോള്‍ കൂടുതല്‍ വ്യാപനശേഷിയുള്ള ക്ലേഡ് 1 ബി വകഭേദമാണ് വ്യാപിക്കുന്നത്. ഇപ്പോഴത്തെ വകഭേദത്തിന് മരണസാധ്യത പഴയ വകഭേദത്തിനേക്കാള്‍ 10 ശതമാനം കൂടുതലാണ്.