സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്സ്; എറണാകുളം സ്വദേശി ചികിത്സയില്‍... #MPOX

 


സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. യുഎഇയില്‍ നിന്നെത്തിയ എറണാകുളം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സംസ്ഥാനത്ത് ഈ മാസം സ്ഥിരീകരിക്കുന്ന രണ്ടാമത്തെ എം പോക്‌സ് കേസാണിത്.

രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെയാണ് യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. അവിടെ നടത്തിയ പരിശോധനയിലാണ് എം പോക്‌സെന്ന് കണ്ടെത്തിയത്. യുവാവിന് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു.

മലപ്പുറത്താണ് ഇതിനുമുന്‍പ് എംപോക്‌സ് സ്ഥിരീകരിച്ചത്. മലപ്പുറത്ത് സ്ഥിരീകരിച്ചത് എംപോക്സിന്റെ പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച വകഭേദമാണിത്. രാജ്യത്ത് ആദ്യമായാണ് പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 38 കാരനായ യുവാവിന് സ്ഥിരീകരിച്ചത് എംപോക്‌സ് ക്ലേഡ് വണ്‍ ബി വിഭാഗമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. പശ്ചിമ ആഫ്രിക്കയില്‍ കണ്ടെത്തിയ ഈ വിഭാഗം അതിവേഗം വ്യാപിക്കുന്ന ഗണത്തിലുള്ളവയാണ് പുതിയ വകഭേദം. ഇതിന്റെ വ്യാപനത്തെ തുടര്‍ന്ന് ഓഗസ്റ്റില്‍ ലോകാരോഗ്യ സംഘടന, ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.

 

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0