ഈ ലോകം എത്ര മനോഹരമാണ്. അത് നമുക്ക് കാണാനുള്ളതാണ്. ആണ് പെണ് വ്യത്യാസമോ പ്രായ വ്യത്യാസമോ ഇല്ലാതെ എല്ലാവര്ക്കും ആസ്വദിക്കാവുന്ന വ്യത്യസ്തതരം ഭൂമികകള്‍ ഉണ്ട്. യാത്ര ചെയ്യുക എന്നത് എല്ലാവരും ജീവിതത്തിന്റെ ഭാഗമാക്കി മാറ്റേണ്ട ഒരു ശീലമാണ്. യാത്ര നമുക്ക് തരുന്ന അനുഭവങ്ങളും തിരിച്ചറിവുകളും ജീവിതത്തില്‍ അത്രമേല്‍ പ്രധാനമാണ്. അത് മനോഹരമായ സ്ഥലങ്ങള്‍ കാണുക എന്നതു മാത്രമല്ല, വ്യത്യസ്തമായ നാടുകളും നാട്ടുകാരും സംസ്കാരവും അനുഭവിക്കുക എന്നതുകൂടിയാണ്. ഓരോ യാത്രയും മനുഷ്യനെ പുതുക്കിപ്പണിയുകയും കൂടുതല്‍ കൂടുതല്‍ ഫില്‍റ്റര്‍ ചെയ്യപ്പെട്ടവരാക്കി മാറ്റുകയും ചെയ്യുന്നു.
യാത്ര ചെയ്യാന്‍ എപ്പോഴും സമയം കണ്ടെത്തണം. നിങ്ങളുടെ കുടുംബജീവിതത്തില്‍ നിന്നും തൊഴില്‍ ജീവിതത്തില്‍ നിന്നും ബ്രേക്കുകളെടുത്ത് തീര്‍ച്ചയായും യാത്ര ചെയ്യണം. അത് പലപ്പോഴും നിങ്ങളുടെ സ്ട്രസ്, ടെന്‍ഷന്‍, ഉല്‍ക്കണ്ഠ എന്നിവ കുറക്കാനും പുതിയ മനുഷ്യരായി മടങ്ങിവരാനും സഹായിക്കും. വിവാഹം കഴിഞ്ഞവരാണെങ്കില്‍ കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതോ ഒറ്റയ്ക്കു യാത്ര ചെയ്യുന്നതോ പരിഗണിക്കാം. പലപ്പോഴും കുടുംബത്തിലെ എല്ലാവര്ക്കും ഒരേ ഇഷ്ടങ്ങളായിരിക്കില്ല. ഒരാള്‍ക്ക് ബീച്ചാണെങ്കില്‍ മറ്റയാള്‍ക്ക് മലകളാവാം ഇഷ്ടം. അങ്ങനെയുള്ള സാഹചര്യങ്ങളില്‍ ഒന്നിച്ചു പോകാതെ വെവ്വേറെ പോകുന്നതാണ് നല്ലത്.
കുടുംബത്തോടൊപ്പം അല്ലെങ്കില്‍ ഒറ്റയ്ക്ക് എങ്ങനെ യാത്ര ചെയ്യുമെന്ന് ആശങ്കയുണ്ടാവാം. ഇന്ന് എത്രയോ ട്രാവല്‍ ഗ്രൂപ്പുകളാണ് നമുക്ക് നാട്ടിലുള്ളത്. അത്തരം ഗ്രൂപ്പുകളുടെ കൂടെ പോകുകയോ സുഹൃത്തുക്കളുമായി ചേര്‍ന്ന് യാത്ര പ്ലാന്‍ ചെയ്യുകയോ ആവാം. സ്ത്രീകള്‍ തനിച്ച് ലോകത്തിന്റെ ഏതു കോണിലേക്കും വളരെ കൂളായി യാത്ര ചെയ്യുന്ന ഒരു കാലത്തിലാണ് നമ്മളുള്ളത്. യാത്ര അത്രയും എളുപ്പവും ആയാസരഹിതവുമായി മാറിയിരിക്കുന്നു. ഏതു യാത്രയ്ക്കും ആവശ്യമായ പ്ലാനിങ്ങുകള്‍ നടത്താന്‍ ഒരു മൊബൈല്‍ ഫോണോ കംപ്യൂട്ടറോ ധാരാളം. യാത്രയ്ക്കാവശ്യമായ ഐറ്റിനറി ഉണ്ടാക്കിത്തരുന്ന എ.ഐ സംവിധാനങ്ങള്‍ പോലുമുണ്ട്.
അങ്ങനെ യാത്രക്കാവശ്യമായ സൗകര്യങ്ങള്‍ വളരെ ലളിതമായും വേഗത്തിലും ലഭ്യമാണ്. ഇനി വേണ്ടത് യാത്രക്ക് തയ്യാറാവേണ്ട മനസ്സുകളാണ്. യാത്ര ചെയ്യാന്‍ താല്പര്യമില്ലാത്തവര് വിരളമായിരിക്കും. എന്നാല്‍ പലരെയും പ്രത്യേകിച്ച് സ്ത്രീകളെ അതില്‍നിന്ന് പിന്‍വലിക്കുന്നത്, അവരുടെ കുടുംബസാഹചര്യങ്ങളായിരിക്കും. രണ്ടു ദിവസം ഞാന്‍ മാറിനിന്നാല്‍ ആകെ തകിടം മറിയുമെന്ന പേടിയിലാണ് പലപ്പോഴും സ്ത്രീകള്‍ യാത്രകള്‍ക്ക് മുതിരാത്തത്. അങ്ങനെയൊരു ആലോചനയില്ലാതെ പുരുഷന്മാര്ക്ക് യാത്ര ചെയ്യാന്‍ കഴിയുമെങ്കില്‍ സ്ത്രീകള്‍ക്കും അതിനു കഴിയണം. രണ്ടുദിവസം പുരുഷന്മാര് വീട്ടിലെ കാര്യങ്ങള്‍ നോക്കട്ടെ. കുട്ടികളെയും വീട്ടിലെ മറ്റുള്ളവരെയും അത് തുടക്കത്തിലേ ശീലിപ്പിച്ചാല്‍ മാത്രം മതിയാകും. അമ്മ വീട്ടിലില്ലെങ്കിലും എല്ലാം കൃത്യമായി നടക്കുമെന്ന് അവരെ ശീലിപ്പിക്കണം. അതിനായി വീട്ടിലുള്ള എല്ലാവരെയും ഉത്തരവാദിത്തമുള്ളവരാക്കി മാറ്റണം. അതിന് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും സഹകരിക്കണം.
തൊഴില്‍ ജീവിതത്തില്‍ നിന്നു മാത്രമല്ല, കുടുംബജീവിതത്തില്‍ നിന്നു ബ്രേക്ക് എടുത്തു പോകുന്നവരും ഇന്ന് ധാരാളമാണ്, പ്രത്യേകിച്ച് സ്ത്രീകള്‍. സ്വന്തം സന്തോഷങ്ങള്‍ കോംപ്രമൈസ് ചെയ്ത് കുടുംബത്തിനു വേണ്ടി മാത്രം ജീവിച്ച് തന്റെ നല്ലകാലം നഷ്ടപ്പെട്ടു എന്ന തിരിച്ചറിവില്‍ നിന്നാണ് പലപ്പോഴും സ്ത്രീകളുടെ യാത്രകള്‍ സംഭവിക്കുന്നത്. അങ്ങനെ നഷ്ടപ്പെടാന്‍ അനുവദിക്കരുത് എന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. ജീവിതത്തില്‍ നിങ്ങള്‍ സ്വതന്ത്രരായി, ജോലിയുള്ളവരായി, വരുമാനമുള്ളവരായി മാറിക്കഴിഞ്ഞാന് എത്രയും പെട്ടെന്നുതന്നെ നിങ്ങളുടെ ഇഷ്ടങ്ങളെ പിന്തുടരുക. അതിനായി കാത്തിരിക്കുകയോ അതിനുള്ള സമയമായിട്ടില്ല എന്നു ആലോചിക്കുകയോ ചെയ്യരുത്. നല്ല സമയം എപ്പോഴും ദാ ഇപ്പോഴാണ്.
യാത്ര നമ്മളെ ജീവിതത്തെക്കുറിച്ചും നമ്മളെക്കുറിച്ചു തന്നെയും കൂടുതല്‍ വ്യക്തതയുള്ളവരാക്കി മാറ്റുന്നു. നമ്മുടെ കംഫര്‍ട്ട് സോണുകളെ അത് പൊളിച്ചുപണിയുന്നു. വ്യത്യസ്തമായ സാഹചര്യങ്ങളില്‍ ജീവിക്കാനും അഡ്ജസ്റ്റ് ചെയ്യുവാനും പഠിപ്പിക്കുന്നു. വ്യത്യസ്തരായ മനുഷ്യരും അവരുടെ രീതികളും സംസ്ക്കാരങ്ങളും ഭക്ഷണവും കാണാനും ഉള്‍ക്കൊള്ളാനുമുള്ള വിശാലത സൃഷ്ടിക്കുന്നു.
ജീവിതത്തില്‍ യാത്രകള്‍ക്കായുള്ള ഇടവേളകള്‍ കണ്ടുപിടിക്കപ്പെടട്ടെ. എല്ലാവരും യാത്ര ചെയ്യുന്ന ഒരു പുതിയലോകം രൂപപ്പെടട്ടെ.