സിനിമാ നയരൂപീകരണ സമിതിയുടെ ആദ്യ ചര്‍ച്ച കൊച്ചിയില്‍ നടക്കും; പ്രേം കുമാറും ബി ഉണ്ണികൃഷ്ണനും ഉള്‍പ്പെടെ പങ്കെടുക്കും... #kerala

 


സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നടത്തുന്ന കോണ്‍ക്ലേവിന് മുന്നോടിയായി നയ രൂപീകരണത്തിന് സര്‍ക്കാര്‍ രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം ഇന്ന് കൊച്ചിയില്‍ ചേരും. നിര്‍മ്മാതാക്കളും, വിതരണക്കാരും. യോഗത്തില്‍ പങ്കെടുക്കും. സമിതിയിലെ ഒമ്പത് അംഗങ്ങളും യോഗത്തില്‍ ഉണ്ടാവും. ചലച്ചിത്ര മേഖലയിലെ എല്ലാ വിഭാഗങ്ങളുമായി സമിതി ചര്‍ച്ച നടത്തണമെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഷാജി എന്‍ കരുണിന്റെ അധ്യക്ഷതയിലാണ് യോഗം. മറ്റു സംഘടനകളുമായും വരും ദിവസങ്ങളില്‍ യോഗം നടത്തുമെന്നും സമിതി വ്യക്തമാക്കി.രാവിലെ 11 മണിക്കാണ് ചര്‍ച്ച നടക്കുക. ചലച്ചിത്ര അക്കാദമി ചെയര്‍മാനായി താത്കാലിക ചുമതല വഹിക്കുന്ന പ്രേം കുമാര്‍ ഉള്‍പ്പെടെ ചര്‍ച്ചയില്‍ പങ്കെടുക്കും. നയരൂപീകരണ സമിതി അംഗമായ പത്മപ്രിയ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുക്കില്ല. വിവാദങ്ങള്‍ക്കിടെ ബി ഉണ്ണികൃഷ്ണനും ചര്‍ച്ചയില്‍ പങ്കെടുക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ബി ഉണ്ണികൃഷ്ണന്റെ രാജിയ്ക്കായി സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് അദ്ദേഹം യോഗത്തില്‍ പങ്കെടുക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഉയര്‍ന്ന ലൈംഗിക അതിക്രമ ആരോപണങ്ങളില്‍ കുറ്റാരോപിതനായ എം മുകേഷിനെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്ന് മാറ്റിയിരുന്നു. സമഗ്രമായ സിനിമാ നയം രൂപീകരിക്കഗുന്നതിന്റെ മുന്നോടിയായി സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവാണ് നവംബറില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്നത്. അതേസമയം കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. ഇരകളേയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോണ്‍ക്ലേവെന്ന് ഡബ്ലിയുസിസിയും പരിഹസിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0