ഓണത്തിന് ഒരാഴ്ചമാത്രം ബാക്കിനിൽക്കെ ടിക്കറ്റ് കൊള്ളയുമായി അന്തസ്സംസ്ഥാന ബസുകൾ. നാട്ടിലെത്താൻ കാത്തിരിക്കുന്നവരുടെ കീശകീറുന്ന നിരക്കാണിപ്പോൾ. തീവണ്ടികളിലും കെ.എസ്.ആർ.ടി.സി.യിലും ദിവസങ്ങൾക്കുമുൻപേ ടിക്കറ്റ് ബുക്കിങ് പൂർണമായി. ഇത് മുതലെടുത്താണ് സ്വകാര്യബസുകൾ നിരക്ക് ഇരട്ടിയാക്കിയത്.
പല ബസുകളും പാതിവഴിയിൽ സർവീസ് വെട്ടിച്ചുരുക്കുന്നതായും പരാതിയുണ്ട്. ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിലെ മലയാളികളാണ് പ്രതിസന്ധിയിലായത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശ്ശൂർ റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് ഇരട്ടിയിലധികമാക്കി. 1500-1600 നിരക്കുണ്ടായിരുന്ന ബെംഗളൂരു- തിരുവനന്തപുരം എ.സി. സ്ലീപ്പറിന് 3500- 4000 രൂപയാക്കി. 1300 രൂപയായിരുന്ന എ.സി. സെമി സ്ലീപ്പറിന് 3500 രൂപ വരെയാണ് വർധന.
സെപ്റ്റംബർ 11 മുതൽ ഉത്രാടദിനംവരെയുള്ള ടിക്കറ്റ് നിരക്ക് കെ.എസ്.ആർ.ടി.സി.യും കൂട്ടി. സ്പെഷ്യലടക്കം നാല്പതോളം സർവീസുകൾ കെ.എസ്.ആർ.ടി.സി.യും 60 സർവീസുകൾ കർണാടകവും നടത്തുന്നുണ്ട്.
ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കുള്ള കെ.എസ്.ആർ.ടി.സി.യുടെ ഗരുഡ ബസിലെ നിരക്ക് 1151 രൂപയായിരുന്നത് 500 രൂപയോളം വർധിപ്പിച്ചു. നോൺ എ.സി. സൂപ്പർ ഡീലക്സ് സ്പെഷ്യൽ സർവീസിലും നിരക്ക് 300 രൂപ കൂട്ടി. 10-15 തീയതികളിലെ ടിക്കറ്റുകൾ ഒന്നും ബാക്കിയില്ല. കർണാടക ആർ.ടി.സി.യിലും നിരക്ക് വർധനയുണ്ട്. ബെംഗളൂരു-കൊച്ചി ഐരാവത് ബസിൽ 800 രൂപയുടെ വർധനയാണുണ്ടായത്.
ഓണത്തിരക്കിന് പരിഹാരമായി കേരളത്തിലെ വിവിധ നഗരങ്ങളെ ബന്ധിപ്പിച്ച് 10 പ്രത്യേക തീവണ്ടികൾ റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. ഷൊർണൂർ, കണ്ണൂർ, കൊല്ലം, കൊച്ചുവേളി എന്നിവിടങ്ങളെ ബന്ധിപ്പിച്ചാണ് ഇവ ഓടുക. എന്നാൽ, യാത്രത്തിരക്കേറെയുള്ള ബെംഗളൂരു റൂട്ടിൽ സെപ്റ്റംബർ 15 വരെ ഒരേയൊരു പ്രത്യേകവണ്ടി മാത്രമേ കേരളത്തിലേക്കുള്ളൂ.