അമീബിക് മസ്തിഷ്‌കജ്വരം; സ്രോതസ്സ് കണ്ടെത്താനാവുന്നില്ല... #Amebic_Meningoencephalitis

  

 

ജില്ലയിൽ അമീബിക് മസ്തിഷ്കജ്വരം വ്യാപിക്കുമ്പോഴും ആശങ്ക വേണ്ടെന്ന് അധികൃതർ. ജലസ്രോതസ്സുകളുമായി ബന്ധമില്ലാത്തവർക്ക് രോഗം ബാധിച്ചെത്തിയതോടെ രോഗം എങ്ങനെ പടരുന്നുവെന്നതിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. നിലവിൽ മൂന്നുപേരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. പുതുതായി രോഗം സ്ഥിരീകരിച്ചവർക്ക് എങ്ങനെയാണ് രോഗം പിടിപെട്ടതെന്നതിൽ വ്യക്തതയില്ല. ഇവരുടെ ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങളില്ല,

ഇരുവരും കുളത്തിലോ തോട്ടിലോ കുളിച്ചിട്ടില്ല, തലയിലോ മൂക്കിലോ നേരത്തേ ശസ്ത്രക്രിയ നടത്തിയിട്ടുമില്ല. രോഗികൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ബുദ്ധിമുട്ടുകളോ ഇല്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. വിദഗ്ധ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് തുടരുന്നത്.

തുടർച്ചയായി രോഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പരിശോധനകളുടെ എണ്ണം കൂട്ടിയിരിക്കുകയാണ്. പനിക്കൊപ്പം അപസ്മാരം പോലെയുള്ള രോഗലക്ഷണങ്ങൾ ഉള്ളവരിലും അമീബിക് മസ്തിഷ്കജ്വരത്തിന്റെ പരിശോധന നടത്തണമെന്ന് ആരോഗ്യവകുപ്പ് നിർദേശമുണ്ട്. 97 ശതമാനം മരണനിരക്കുള്ള രോഗമാണെങ്കിലും ജില്ലയിൽ ഒരാളൊഴികെ മറ്റെല്ലാവരെയും ചികിത്സിച്ചുഭേദമാക്കാൻ സാധിച്ചിട്ടുണ്ട്.

ജലാശയങ്ങളിൽ ക്ലോറിനേഷൻ നടത്തും

നാവായിക്കുളത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതോടെ പഞ്ചായത്തും ആരോഗ്യ വിഭാഗവും അടിയന്തരയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശത്തെ ജലാശയങ്ങൾ കേന്ദ്രീകരിച്ച് ക്ലോറിനേഷനും ശുചീകരണവും നടത്തും.

ഓഗസ്റ്റിൽ പോരാടംമുക്ക് സ്വദേശിയായ യുവതിക്ക്‌ അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നാവായിക്കുളം പഞ്ചായത്തിലെ ജലാശയങ്ങളിൽ കുളിക്കരുതെന്ന് മുന്നിറിയിപ്പു നൽകിയിരുന്നു. ഒപ്പം നിരവധി മുന്നറിയിപ്പ്‌ ബോർഡുകളും സ്ഥാപിച്ചിരുന്നു.

ഇത് അവഗണിച്ച് കുളത്തിലിറങ്ങിയ ഡീസന്റ്മുക്ക് സ്വദേശിയായ പ്ലസ്ടു വിദ്യാർഥിക്കാണ് കഴിഞ്ഞദിവസം രോഗം ബാധിച്ചത്. കപ്പാംവിള മാടൻകാവ് കുളത്തിൽ 22-നാണ് വിദ്യാർഥി കൂട്ടുകാർക്കൊപ്പം കുളിച്ചത്. ഒപ്പം കുളത്തിൽ കുളിച്ച അഞ്ചുപേർ നിരീക്ഷണത്തിലാണ്.

അതേസമയം ഒരേ ജലസ്രോതസ്സ് ഉപയോഗിച്ചവരിൽ ചിലരിൽമാത്രം രോഗം വരാനുള്ള കാരണം കണ്ടെത്താനായി ഐ.സി.എം.ആറിന്റെയും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിറ്റമോളജിയുടെയും സഹായത്തോടെ പഠനം നടത്തും. എന്നാൽ, പഠനം കൃത്യമായി നടക്കുന്നില്ലെന്നും ആരോപണം ഉയരുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0