അലന്‍സിയറിനെതിരെ 2018ല്‍ നല്‍കിയ പരാതിയില്‍ ഒരു നടപടിയുമില്ല; 'അമ്മ'യ്‌ക്കെതിരെ ദിവ്യ ഗോപിനാഥ്... # Hema_Committe

അലന്‍സിയറിനെതിരെ ഉന്നയിച്ച ലൈംഗിക അതിക്രമ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ അമ്മ സംഘടനയ്‌ക്കെതിരെ വിമര്‍ശനവുമായി നടി ദിവ്യ ഗോപിനാഥ്. 2018ല്‍ അലന്‍സിയറിനെതിരെ പരാതി നല്‍കിയിട്ടും താക്കീത് നല്‍കാന്‍ പോലും സംഘടന തയാറായില്ലെന്നാണ് നടിയുടെ ആരോപണം. പരാതി ലഭിച്ചതായുള്ള അറിയിപ്പ് പോലും തനിക്ക് ലഭിച്ചിട്ടില്ല. പരാതി ഇപ്പോഴും അമ്മയുടെ ഇ-മെയിലിലുണ്ടെന്നും ഇനിയെങ്കിലും നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദിവ്യ ട്വന്റിഫോറിനോട് പറഞ്ഞു. 
ലൈംഗിക ആരോപണം നേരിടുന്നവര്‍ സ്ഥാനത്തുനിന്ന് മാറേണ്ടി വരുന്ന ഈ അവസരത്തിലെങ്കിലും അലന്‍സിയറിനെതിരെ ഒരു ചോദ്യമെങ്കിലും ഉണ്ടാകണമെന്ന് പ്രതീക്ഷിക്കുന്നതായി ദിവ്യ പറഞ്ഞു. അവാര്‍ഡ് വാങ്ങിയ വേളയില്‍ മോശമായി സംസാരിച്ചത് എന്തിനെന്ന് എങ്കിലും അലന്‍സിയറിനോട് ചോദിക്കണമായിരുന്നെന്ന് ദിവ്യ ഗോപിനാഥ് പറഞ്ഞു.

ആരോപണവിധേയനായ അലന്‍സിയര്‍ പരാതി നല്‍കി അഞ്ചുവര്‍ഷങ്ങള്‍ക്കിപ്പുറവും സിനിമയില്‍ സജീവമായി നില്‍ക്കുകയാണ്. എന്നാല്‍ തനിക്ക് അവസരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും ദിവ്യ ഗോപിനാഥ് പറയുന്നു. അവസരങ്ങള്‍ നഷ്ടപ്പെടുന്നത് ഈ പരാതി ഉന്നയിച്ചത് കൊണ്ടാണെന്ന് കരുതുന്നതായും ദിവ്യ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0