അമ്മ മരിച്ച നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ പാലൂട്ടി അമൃത. നാലു മക്കളുടെ അമ്മയായ ആദിവാസി യുവതി സന്ധ്യ (27) ആത്മഹത്യ ചെയ്യുകയായിരുന്നു. അട്ടപ്പാടി വണ്ടന്‍പാറയില്‍ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ഇതറിഞ്ഞ് എത്തിയ അമൃത നാലു മാസം പ്രായമുള്ള മിദര്‍ശിന് മുലപ്പാല്‍ നല്‍കുകയായിരുന്നു.
നാലു മക്കളുടെ അമ്മയായ സന്ധ്യ ജീവനൊടുക്കിയ വിവരമറിഞ്ഞ് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കും ആശാ വർക്കർക്കുമൊപ്പം ഔദ്യോഗിക ചുമതലയുമായി എത്തിയ ആരോഗ്യപ്രവർത്തകയാണ് അമൃത. പക്ഷെ അമൃതയ്ക്കുള്ള നിയോഗം മറ്റൊന്നായിരുന്നു. കാരറ ആരോഗ്യ ഉപകേന്ദ്രത്തിലെ മിഡിൽ ലവൽ സർവീസ് പ്രൊവൈഡറാണ്.
സന്ധ്യയുടെ കുഞ്ഞിന്റെ നിർത്താതെയുള്ള കരച്ചിൽ കേട്ട അമൃതക്ക് ഓർമ്മവന്നത് എട്ടു മാസം പ്രായമായ തന്റെ മകളെയാണ്. കുഞ്ഞിനെ മുലയൂട്ടിക്കോട്ടെ എന്നു ചോദിച്ചപ്പോൾ വീട്ടുകാർ അനുവദിച്ചു. തുടർന്ന് നാലു മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാത്സല്യത്തോടെ പാലൂട്ടി.