ഭക്ഷണം വിശക്കുമ്പോൾ മാത്രം മതി, വണ്ണം കുറയ്ക്കൽ ഫലപ്രദമാക്കാൻ ആഹാരരീതിയിൽ വേണം ഈ മാറ്റങ്ങൾ... #Health_News

 

വണ്ണംകുറയ്ക്കുന്നതിൽ പ്രധാന ഘടകങ്ങളാണ് ജീവിതശൈലിയും ആഹാരവും. വ്യായാമവും ആരോ​ഗ്യകരമായ ഭക്ഷണവും കൃത്യമായ ഉറക്കവുമൊക്കെ കൂടിച്ചേരുമ്പോഴേ ആരോ​ഗ്യകരമായ രീതിയിൽ വണ്ണംകുറയ്ക്കാനാവൂ. ആഹാരം കഴിക്കുന്നതിനനുസരിച്ച് ശരീരത്തിന് ലഭിക്കുന്ന കലോറിയെ എരിച്ചുകളയേണ്ടതും പ്രധാനമാണ്. ആഹാരരീതിയിൽ ചിലമാറ്റങ്ങൾ വരുത്തി വണ്ണംകുറയ്ക്കാനാവുമെന്ന് പറയുകയാണ് ന്യൂട്രീഷണിസ്റ്റായ അഞ്ജലി മുഖർജി. വണ്ണംകുറയ്ക്കാൻ പരിശ്രമിക്കുന്ന, എന്നാൽ അതിനു കഴിയാത്തവർക്ക് വേണ്ടിയാണ് താൻ ടിപ്സ് പങ്കുവെക്കുന്നതെന്നും ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ അഞ്ജലി പറയുന്നുണ്ട്.

ഇരുപത്തിയഞ്ചു വയസ്സ് മുതൽ അറുപത്തിയഞ്ചോ എഴുപതോ പ്രായമുള്ളവർ ആയിക്കൊള്ളട്ടെ. പ്രധാനകാര്യം വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക എന്നതാണെന്ന് അഞ്ജലി പറയുന്നു. അതിനർഥം വിശപ്പില്ലാത്തപ്പോൾ കഴിക്കാതിരിക്കുക എന്നുമാണ്. പ്രധാനഭക്ഷണങ്ങൾക്കിടയിൽ എന്തെങ്കിലും കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് നിർത്തണമെന്നും അഞ്ജലി പറയുന്നുണ്ട്.

മറ്റൊന്ന് മധുരപലഹാരങ്ങൾ പൂർണമായി ഒഴിവാക്കുക എന്നതാണ്. ഡെസേർട്ടുകൾ, മൈദ, മദ്യം, സംസ്കരിച്ച ഭക്ഷണങ്ങൾ തുടങ്ങിയവയും പൂർണമായും ഒഴിവാക്കണം. മാത്രമല്ല വണ്ണം കുറയ്ക്കണമെന്നതാണ് പ്രധാനലക്ഷ്യമെങ്കിൽ രണ്ടുഭക്ഷണങ്ങൾക്കിടയിൽ നാലോ അഞ്ചോ മണിക്കൂർ ഇടവേളയുണ്ടായിരിക്കുകയും വേണം. ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്ന ശീലവും നിർത്തണം.

ആഹാരകാര്യത്തിൽ മാത്രമല്ല ശാരീരിക പ്രവർത്തനങ്ങളിലും ചില മാറ്റങ്ങൾ വരുത്തണമെന്ന് അഞ്ജലി പറയുന്നു. ന‍ൃത്തമോ, യോ​ഗയോ, നീന്തലോ, വെയ്റ്റ് ട്രെയിനിങ്ങോ തുടങ്ങിയവ എല്ലാദിവസവും ഒരുമണിക്കൂറെങ്കിലും ചെയ്യണമെന്നും അഞ്ജലി കൂട്ടിച്ചേർക്കുന്നു.

വണ്ണം കുറയ്ക്കാൻ ഐ.സി.എം.ആർ. നിർദേശിക്കുന്ന ആരോ​ഗ്യകരമായ രീതി

സമീകൃതാഹാരം

നാരുകളും പോഷകവും ധാരാളമുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. ഇത് വിശപ്പ് കുറയ്ക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള തോന്നൽ കുറയ്ക്കുകയും ചെയ്യും. ഇതുവഴി ശരീരത്തിൽ കൂടുതൽ കലോറി എത്തുന്നത് കുറയ്ക്കും.

പച്ചക്കറികൾ

കലോറി കുറഞ്ഞതും വിറ്റാമിനുകൾ, മിനറലുകൾ, ഫൈബർ തുടങ്ങിയതുമായ ഭക്ഷണങ്ങൾ വണ്ണംകുറയ്ക്കൽ എളുപ്പമാക്കും.

അളവിൽ നിയന്ത്രണം

ഭക്ഷണം കഴിക്കുന്നതിന്റെ അളവിൽ നിയന്ത്രണം വരുത്തുകയും അമിതമായി കഴിക്കുന്നത് തടയുകയും ചെയ്യുക.

സ്നാക്സിലും മാറ്റം വേണം

സ്നാക്സ് തിരഞ്ഞെടുക്കുമ്പോൾ അവ പോഷകസമ്പന്നമാണെന്ന് ഉറപ്പുവരുത്തുക. നട്സ്, പ്ലെയിൻ യോ​ഗർട്ട്, പച്ചക്കറികൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.

ആരോ​ഗ്യകരമായ പാചകരീതി

പാചകരീതി ആരോ​ഗ്യകരമാവാൻ ശ്രദ്ധിക്കുക. ​ഗ്രില്ലിങ്, ബേക്കിങ്, സ്റ്റീമിങ് തുടങ്ങിയവയ്ക്കെല്ലാം മറ്റു പാചകരീതിയെ അപേക്ഷിച്ച് കുറവ് എണ്ണ മതി. ഇത് വണ്ണംവെക്കാതിരിക്കാൻ സഹായിക്കും.

മധുര പാനീയങ്ങൾ കുറയ്ക്കാം

സോഡ, ഫ്രൂട്ട് ജ്യൂസ് തുടങ്ങിയവും മധുരപാനീയങ്ങളും കുറയ്ക്കാം. വെള്ളം, ഹെർബൽ ടീ, മധുരമില്ലാത്ത പാനീയങ്ങൾ തുടങ്ങിയവ തിരഞ്ഞെടുക്കാം.

ഫുഡ് ലേബലുകളിലും വേണം ശ്രദ്ധ

കലോറി, കൃത്രിമ മധുരം, ഉപ്പ് തുടങ്ങിയവയുടെ അളവ്, സാച്ചുറേറ്റഡ് ഫാറ്റ് ഉണ്ടോ തുടങ്ങിയവ ഫു‍ഡ് ലേബലിൽ പരിശോധിക്കണം. ആരോ​ഗ്യകരമായ ചേരുവകളടങ്ങിയവ പരമാവധി തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കാം.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0