ആന്റിബയോട്ടിക്കുകൾ അടക്കം 156 സംയുക്തങ്ങൾക്ക് നിരോധനം... #Kerala

 


 കേരളത്തിലടക്കം കാര്യമായ വില്‍പ്പനയുള്ള 156 മരുന്നുസംയുക്തങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിരോധനം. ആന്റിബയോട്ടിക്കുകള്‍, വേദനസംഹാരികള്‍, മള്‍ട്ടിവൈറ്റമിനുകള്‍ എന്നിവയ്ക്കുപുറമേ അണുബാധ, പൂപ്പല്‍ബാധ, പനിയും അനുബന്ധ ബുദ്ധിമുട്ടുകളും, ആമാശയപ്രശ്‌നങ്ങള്‍ തുടങ്ങിയ ഒട്ടേറെ അസുഖങ്ങള്‍ക്കുള്ള മരുന്നുകളാണിവ.

ഒന്നിലധികം മരുന്നുകള്‍ ചേര്‍ത്തുള്ളവയാണ് സംയുക്തങ്ങള്‍. ലോകത്താകമാനം 25-ല്‍ത്താഴെ എണ്ണത്തിനാണ് അംഗീകാരം. ഇന്ത്യന്‍വിപണിയില്‍ ആയിരത്തിനുമുകളില്‍ സംയുക്തങ്ങളുണ്ട്. സുപ്രീംകോടതി നിര്‍ദേശിച്ച വിദഗ്ധസമിതിയുണ്ടാക്കി അവരുടെ നിര്‍ദേശാനുസരണമാണിപ്പോള്‍ നിരോധനം. പലഘട്ടങ്ങളായി 350-ഓളം മരുന്നുകള്‍ ഇങ്ങനെ നിരോധിച്ചിരുന്നു. ഇതിനുപുറമേയാണ് 156 എണ്ണംകൂടി വരുന്നത്.

പുതിയ പട്ടികയില്‍ നല്ലപങ്ക് മള്‍ട്ടിവൈറ്റമിന്‍ മരുന്നുകളാണ്. നിരോധിക്കപ്പെട്ട മരുന്നുകളില്‍ പലതും വൃക്കയെ ദോഷകരമായി ബാധിക്കാമെന്നതാണ് സമിതിയുടെ വിലയിരുത്തല്‍. വിജ്ഞാപനം പുറത്തിറങ്ങിയ ഓഗസ്റ്റ് 12 മുതല്‍ നിരോധനം നിലവില്‍വന്നു. കുട്ടികളില്‍ ഉപയോഗിക്കുന്ന 50 എം.ജി. അസിക്ലോഫെനക്കും 125 എം.ജി. പാരസെറ്റമോള്‍ ചേര്‍ന്ന ദ്രവരൂപത്തിലുള്ളതും ഗുളികരൂപത്തിലുള്ളതുമായ മരുന്നും നിരോധിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0