ബലാത്സംഗ കുറ്റം രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചതോടെ എം മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കി പ്രതിപക്ഷ സംഘടനകൾ. മഹിള കോൺഗ്രസിൻ്റെ നേതൃത്വത്തിൽ എംഎൽഎ ഓഫീസിലേക്ക് ഇന്ന് മാർച്ച് നടത്തും.മഹിള കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷ ജെബി മേത്തർ അടക്കമുള്ളവർ ഇന്ന് സമരത്തിന് നേതൃത്വം നൽകും.
ബിജെപി യുടെ നേതൃത്വത്തിൽ മുകേഷിൻ്റെ വീട്ടിലേക്കും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. വുമൺ ജസ്റ്റിസ് മുവ്മെൻറിൻ്റെ നേതൃത്വത്തിലും എംഎൽഎ ഓഫീസിലേക്ക് മാർച്ചിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ശക്തമായ പൊലീസ് കാവലാണ് മുകേഷിൻ്റെ ഓഫീസിനും വീടിനും ഏർപ്പെടുത്തിയിരിക്കുന്നത്.
മുകേഷ് രാജിവെക്കുന്നതിൽ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തീരുമാനമെടുക്കും. മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷവും ഘടകകക്ഷികളും ആവശ്യം ശക്തമാക്കുന്നതിനിടയാണ് സെക്രട്ടറിയേറ്റ് യോഗം ചേരുന്നത്. യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഐഎം സംസ്ഥാന നേതൃത്വത്തിന്റെയും നിലപാട് നിർണായകമാണ്.
കേസിൽ മുകേഷിനെ അഞ്ചുദിവസത്തേക്ക് അറസ്റ്റ് ചെയ്യരുതെന്ന കോടതിവിധി പാർട്ടിക്കും മുകേഷിനും താൽക്കാലിക ആശ്വാസമാണ്. ഇന്നലെ ചേർന്ന് അവൈലബിൾ സെക്രട്ടറിയേറ്റ് യോഗം മുകേഷ് രാജിവെക്കേണ്ടത് ഇല്ലെന്ന് നിലപാട് എടുക്കുകയായിരുന്നു. ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗത്തിൽ ഇക്കാര്യത്തിൽ വിശദമായ ചർച്ച നടക്കും.
മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കുന്നതാണ് ഉചിതമെന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് നിലപാട് എടുത്തിട്ടുണ്ട്. ഇക്കാര്യം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെയും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും അറിയിച്ചിട്ടുണ്ട്. സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ കൂടി അഭിപ്രായം പരിഗണിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക.