പിജി ഡോക്ടറുടെ കൊലപാതകം; കൊൽക്കത്തയിൽ ഇന്ന് ജനകീയ പ്രക്ഷോഭം... #Crime_News

 


ആർജി കർ ആശുപത്രിയിലെ പിജി വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ കൊല്‍ക്കത്തയില്‍ ഇന്ന് ജനകീയ പ്രക്ഷോഭം. ആശുപത്രിക്ക് മുന്നിൽ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ സമരം ആരംഭിക്കും. ഡോക്ടറുടെ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സഹപാഠികളുടെ ആരോപണം. ആർജി കർ ആശുപത്രി മുന്‍ പ്രിന്‍സിപ്പല്‍ സന്ദീപ് ഘോഷിനെ ഇന്നും ചോദ്യം ചെയ്യും. ഇത് ഒമ്പതാം ദിവസമാണ് ഘോഷിനെ ചോദ്യം ചെയ്യുന്നത്. സന്ദീപ് ഘോഷിന്റെ മൊഴികളില്‍ വൈരുധ്യം ഉണ്ടെന്നാണ് സിബിഐയുടെ വിലയിരുത്തല്‍. ആരോപണങ്ങള്‍ അന്വേഷിക്കാനും കൊല്‍ക്കത്ത ഹൈക്കോടതി സിബിഐയോട് നിര്‍ദേശിച്ചിരുന്നു.

അതേസമയം, ഡോക്ടറുടെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിന്റ പകർപ്പ് 24 ന് ലഭിച്ചു. പ്രതി സഞ്ജയ് റോയ് ക്രൂര ബലാത്സംഗത്തിന് ശേഷം ഡോക്ടറെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ റിപ്പോർട്ട്. ആന്തരിക പരിക്കുകൾ ഉൾപ്പടെ ശരീരത്തിൽ 14 ലേറെ മുറിവുകൾ ഉണ്ടെന്നും പോസ്റ്റ്‌ മോർട്ടം റിപ്പോർട്ടിൽ പറയുന്നു.

ആഗസ്റ്റ് ഒന്പതിനായിരുന്നു വനിതാ ഡോക്ടർ കൊല്ലപ്പെടുന്നത്. പി ജി വിദ്യാര്‍ത്ഥിയായ ഡോക്ടറുടെ മൃതദേഹം ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് സിബിഐ നടത്തിയ അന്വേഷണത്തില്‍ റോയ് സെമിനാര്‍ ഹാളിലേക്ക് കയറിപ്പോകുന്നത് കണ്ടെത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്ന് ഇയാളുടെ ബ്ലൂടൂത്ത് ഹെഡ്‌സെറ്റും കണ്ടെത്തിയിരുന്നു.പ്രതി സഞ്ജയ്‌ റോയിയുടെ റിമാൻഡ് കാലാവധി നീട്ടിയിരിക്കുകയാണ്.14 ദിവസത്തേക്കാണ് റിമാൻഡ് റിമാൻഡ് കാലാവധി നീട്ടിയത്. ഇയാൾ ഒറ്റയ്ക്കാണ് കൃത്യം നടത്തിയത് എന്ന് സിബിഐ സംഘം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് രൂക്ഷമായ ആരോപണങ്ങളാണ് ആർ ജി കർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെതിരെ ഉയരുന്നത്. സന്ദീപ് ഘോഷ് പ്രിൻസിപ്പൽ ആയിരുന്ന കാലത്ത് മെഡിക്കൽ കോളേജിൽ നടന്നത് സമാനതയില്ലാത്ത അഴിമതിയും കുറ്റകൃത്യങ്ങളുമെന്നാണ് ആരോപണം. മെഡിക്കൽ കോളേജിൽ മാഫിയയ്ക്ക് സമാനമായ നടപടികളാണ് നടന്നിരുന്നതെന്നാണ് ആരോപണം. 2021ലാണ് സന്ദീപ് ഘോഷ് ചുമതലയേൽക്കുന്നത്. മെഡിക്കൽ കോളേജിലേക്ക് എത്തുന്ന അജ്ഞാത മൃതദേഹങ്ങൾ നിയമാനുസൃതമല്ലാത്ത രീതിയിൽ ഉപയോഗിക്കപ്പെട്ടതിൽ സന്ദീപ് ഘോഷിന് പങ്കുണ്ടെന്നാണ് ഉയരുന്ന ആരോപണങ്ങളിൽ പ്രധാനം. ബയോമെഡിക്കൽ മാലിന്യങ്ങൾ അനധികൃതമായി സന്ദീപ് ഘോഷ് വിൽപന നടത്തിയിരുന്നുവെന്നാണ് മെഡിക്കൽ കോളേജിലെ മുൻ സൂപ്രണ്ട് ഡോ. അക്താർ അലി ആരോപിക്കുന്നത്.

റബ്ബർ ഗ്ലൌ, സലൈൻ ബോട്ടിലുകൾ, സിറിഞ്ചുകൾ, സൂചികൾ എന്നിവയുൾപ്പെടെയാണ് ഇത്തരത്തിൽ അനധികൃതമായി വിൽപന നടത്തിയിരുന്നതെന്നും മുൻ സൂപ്രണ്ട് വിശദമാക്കുന്നു. ഓരേ ദിവസവും 600 കിലോ വരെയുള്ള ബയോമെഡിക്കൽ മാലിന്യമാണ് ആർ ജി കർ മെഡിക്കൽ കോളേജിൽ നിന്ന് ഇത്തരത്തിൽ വിൽപന നടത്തിയിരുന്നതെന്നാണ് ആരോപണം

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0