ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ ഫുഡ് ലേബൽ പരിശോധിക്കാറുണ്ടോ? ഈ 7കാര്യങ്ങൾ അറിഞ്ഞിരിക്കണം... #LIFESTYLE

 


പുറത്തുനിന്ന് പാക്കറ്റുകളിലുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുമ്പോൾ എപ്പോഴെങ്കിലും അതിലെ ഫുഡ് ലേബൽ പരിശോധിച്ചിട്ടുണ്ടോ? എല്ലാതരം പാക്കറ്റ് ഭക്ഷ്യവസ്തുക്കളിലും ഫുഡ് ലേബൽ കൃത്യമായി നൽകിയിട്ടുണ്ടെങ്കിലും അത് വായിച്ച് മനസ്സിലാക്കി വാങ്ങുന്നവർ വിരളമായിരിക്കും. എന്തൊക്കെയാണ് കഴിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കാൻ ഫുഡ‍് ലേബൽ പരിശോധിക്കേണ്ടത് പ്രധാനമാണ്. എന്തെല്ലാമാണ് ചേരുവകളെന്നും എത്രത്തോളം അളവാണുള്ളതെന്നും പോഷകവിവരങ്ങളുമൊക്കെ ഫുഡ് ലേബലിൽ നൽകിയിരിക്കും. വണ്ണം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ, വിവിധ ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവർ തുടങ്ങിയവരെല്ലാം ഫുഡ് ലേബൽ പരിശോധിച്ച് വേണം അവ വാങ്ങാൻ. ഫുഡ് ലേബൽ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം പരിശോധിക്കാം.

ചേരുവകൾ തിരിച്ചറിയാം

എല്ലാ ഫുഡ് പാക്കറ്റുകളിലും അതിലടങ്ങിയ ചേരുവകൾ കൃത്യമായി നൽകിയിരിക്കും. അവ ഓരോന്നും എത്ര അളവിലാണ് എന്ന ക്രമത്തിലാണ് നൽകുക. ഒരു ലേബലിൽ പഞ്ചസാര, വെള്ളം, ആർട്ടിഫിഷ്യൽ ഫ്ലേവർ എന്നിങ്ങനെയാണ് നൽകിയതെങ്കിൽ അതിൽ ഭൂരിഭാ​ഗവും ഷു​​ഗർ ആണെന്ന് വേണം മനസ്സിലാക്കാൻ. ഏറ്റവും ഒടുവിൽ നൽകിയതായിരിക്കും ഏറ്റവും കുറവുള്ളത്.

ആരോ​ഗ്യപ്രദമായവ തിരഞ്ഞെടുക്കാം

ചേരുവകളിൽ ആരോ​ഗ്യപ്രദമായ ഘടകങ്ങളാണ് കൂടുതലെങ്കിൽ അവയുടെ ഉപയോ​ഗം പ്രശ്നമില്ല. എന്നാൽ കൊഴുപ്പ്, മധുരം, ഉപ്പ് തുടങ്ങിയവ അടങ്ങിയ ഭക്ഷ്യവസ്തുവിന്റെ ദീർഘകാല ഉപയോ​ഗം അമിതവണ്ണം, പ്രമേഹം, രക്തസമ്മർദം തുടങ്ങിയ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകാം. അതിനാൽ അനാരോ​ഗ്യകരമായ ഘടകങ്ങൾ പരമാവധി കുറവുള്ളവ ലേബലിൽ നോക്കി തിരഞ്ഞെടുക്കാം.

പോഷക​ഗുണം

ആ ഭക്ഷ്യവസ്തുവിൽ നിന്നു ലഭിക്കുന്ന ഊർജം, പോഷക​ഗുണം എന്നിവയെല്ലാം എത്രത്തോളമുണ്ടെന്നും കൃത്യമായ അളവിൽ ലേബലിലുണ്ടാവും. ഇതോരോന്നും പരിശോധിച്ചുവേണം തിരഞ്ഞെടുക്കാൻ. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിൻ, ധാതുക്കൾ തുടങ്ങിയവയെല്ലാം തരംതിരിച്ചുള്ള വിവരം ലഭ്യമായിരിക്കും.

വിലയ്ക്കനുസരിച്ചുള്ള അളവും നോക്കണം

വാങ്ങുന്ന ഭക്ഷ്യവസ്തുവിന് നൽകുന്ന വിലയ്ക്കനുസരിച്ചുള്ള അളവുണ്ടോയെന്നതും പരിശോധിക്കണം. ഫുഡ് ലേബലിൽ ഭക്ഷ്യവസ്തുവിന്റെ അളവ് എത്രയുണ്ടെന്നും എത്രപേർക്ക് കഴിക്കാമെന്നും കൃത്യമായി നൽകിയിരിക്കും.

കൃത്രിമ നിറം, മണം

ഭക്ഷ്യവസ്തുക്കൾ കൂടുതൽ രുചികരമാക്കാനും അവയ്ക്ക് നിറവും മണവും പകരാനുമൊക്കെ ഫുഡ് അഡിറ്റീവ്സ് ചേർക്കാറുണ്ട്. ഇവ പ്രകൃതിദത്തമായവും കൃത്രിമമായി തയ്യാറാക്കിയതവുമാവാം. ഭക്ഷ്യസുരക്ഷാവകുപ്പ് നിർദേശിക്കുന്ന ഫുഡ് അഡിറ്റീവ്സ് മാത്രമേ ഉപയോ​ഗിച്ചിട്ടുള്ളൂ എന്ന് ലേബലിൽ വായിച്ച് ഉറപ്പുവരുത്തണം.

അലർജൻസ്

ചിലർക്ക് ചിലവസ്തുക്കൾ അലർജിയുണ്ടാക്കും,ഇത് ചിലപ്പോൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകാം. ഇത്തരത്തിൽ അലർജിക്ക് ഇടയാക്കിയേക്കാവുന്ന ഘടകങ്ങൾ ഭക്ഷ്യവസ്തുവിൽ ഉണ്ടെങ്കിൽ അതും ലേബലിൽ നൽകിയിരിക്കും. ​ഗ്ലൂട്ടൻ, പാൽ, മുട്ട, പീനട്സ്, സോയ്ബീൻ തുടങ്ങിയവയെല്ലാം ചിലരിൽ അലർജിക്ക് കാരണമാകും. ഇതും ലേബലിൽ പരിശോധിച്ച് വാങ്ങാം.

ഡേറ്റ് പരിശോധിക്കണം

ഭക്ഷ്യവസ്തുവിന്റെ പാക്കറ്റിൽ മൂന്നുരീതിയിലാണ് ഡേറ്റ് നൽകിയിരിക്കുക. പാക്കേജ് ചെയ്ത സമയത്തെ ഡേറ്റ്, എക്സ്പയറി ഡേറ്റ്, ബെസ്റ്റ് ബിഫോർ എന്നിവയായിരിക്കും അത്. ഉത്പന്നം തയ്യാറാക്കി പാക് ചെയ്ത ഡേറ്റ് ആണ് ആദ്യത്തേത്. എത്രകാലം വരെ ഉപയോ​ഗിക്കാമെന്നത് എക്സ്പയറി ഡേറ്റ് കൊണ്ടും ​ഗുണമേന്മയോടെയും ഫ്രഷ്നെസോടെയും എത്രകാലം ഉപയോ​ഗിക്കാമെന്നത് ബെസ്റ്റ് ബിഫോർ എന്ന ഡേറ്റ് കൊണ്ടും ഉദ്ദേശിക്കുന്നു.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0