ആശുപത്രി ബിൽ നൽകാൻ പണമില്ല; പിഞ്ചുകുഞ്ഞിന്റെ മൃതദേഹത്തിനായി കാത്തിരുന്നത് 2 ദിവസം... #Crime_News

 


 ആശുപത്രി ബിൽത്തുക നൽകാൻ കഴിയാതെവന്നതോടെ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം വിട്ടുകിട്ടാൻ മലയാളി ദമ്പതിമാർ കാത്തുനിന്നത് രണ്ടുദിവസം. മലയാളി സംഘടനകളുടെ ഇടപെടലിനെത്തുടർന്നാണ് പിന്നീട് മൃതദേഹം വിട്ടുനൽകിയത്.

തലശ്ശേരി പാറാൽ സ്വദേശികളായ അരുൺ രാജ്, അമൃത ദമ്പതിമാരുടെ പൂർണവളർച്ചയെത്താതെ ജനിച്ച കുഞ്ഞാണ് മരിച്ചത്. ബിൽത്തുകയായ 13 ലക്ഷം രൂപ നൽകാൻ കഴിയാതെവന്നതോടെയാണ് മൃതദേഹം വിട്ടുനൽകില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചത്. തിരുവട്ടിയൂർ ആകാശ് ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത ആറുമാസംമാത്രം വളർച്ചയുള്ള കുഞ്ഞിനെ ആരോഗ്യപ്രശ്നത്തെത്തുടർന്ന് ജൂലായ് 23-നാണ് ഗിണ്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടാഴ്ച ചികിത്സിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടുമുതൽ മൂന്നുലക്ഷം രൂപവരെ ചികിത്സയ്ക്കായി വേണ്ടിവരുമെന്നാണ് അധികൃതർ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ പറഞ്ഞിരുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു. ചികിത്സ ഫലിക്കാതെ കുട്ടി ശനിയാഴ്ച മരിച്ചു.

എന്നാൽ, ചികിത്സച്ചെലവ് 13 ലക്ഷം രൂപയായെന്നും മുഴുവൻ പണവും തന്നാൽമാത്രമേ മൃതദേഹം വിട്ടുതരൂവെന്ന നിലപാടിൽ അധികൃതർ ഉറച്ചുനിന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഘട്ടം ഘട്ടമായി 1.18 ലക്ഷം രൂപ മാതാപിതാക്കൾ അധികൃതർക്കു നൽകിയിരുന്നു. ആരോഗ്യ ഇൻഷുറൻസ് കമ്പനി 2.72 ലക്ഷം രൂപയും ആശുപത്രി അധികൃതർക്ക് കൈമാറിയിരുന്നു. എന്നാൽ ബാക്കിയുള്ളതുക പൂർണമായും നൽകാതെ മൃതദേഹം വിട്ടുതരില്ലെന്ന നിലപാടിൽത്തന്നെയായിരുന്നു അധികൃതർ.

മലയാളി സംഘടനാ പ്രവർത്തകരും സി.പി.എം. ഗിണ്ടി എരിയാ സെക്രട്ടറി വെങ്കിടേഷ്, എരിയാ കമ്മിറ്റി അംഗം ഇസ്‌മയിൽ എന്നിവർ അധികൃതരുമായി ചർച്ചനടത്തി. ഒടുവിൽ 1.39 ലക്ഷം രൂപകൂടി നൽകിയാൽ മൃതദേഹം വിട്ടുകൊടുക്കാമെന്ന് ആശുപത്രി അധികൃതർ സമ്മതിച്ചു. അത്രയും തുകനൽകി ഞായറാഴ്ച വൈകീട്ടോടെയാണ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

കൂടുതൽ ചെലവുവരുമെന്ന് അറിയിച്ചിരുന്നു-അധികൃതർ

ചികിത്സയിൽ കൂടുതൽ ചെലവുവരുമെന്നതിനെക്കുറിച്ച് പിതാവിനെ അറിയിച്ചിരുന്നെന്ന് ആശുപത്രി അധികൃതർ. എത്ര തുക വേണ്ടിവരുമെന്ന് കുഞ്ഞിന്റെ പിതാവിനെ അറിയിച്ചിരുന്നോയെന്ന ചോദ്യത്തിന് പക്ഷേ, അധികൃതർ പ്രതികരിച്ചില്ല. സംഭവത്തിൽ ഗിണ്ടി പോലീസ് ഇടപെട്ടിട്ടുണ്ട്.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0