“ടു ലീവ് നോ വൺ ബിഹൈൻഡ് : കൗണ്ട് എവരിവൺ (To Leave No One Behind, Count Everyone) എന്നതാണ് 2024 ലെ ജനസംഖ്യാ ദിന പ്രമേയം. കഴിഞ്ഞ 30 വർഷമായി, ജനസംഖ്യാ വിവരങ്ങൾ ശേഖരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന രീതി മെച്ചപ്പെട്ടിട്ടുള്ളതായി യുഎൻ അധികൃതർ പറഞ്ഞു. ഇത് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണവും അവകാശങ്ങളും എല്ലാവർക്കും നൽകുമെന്നും എന്നിരുന്നാലും, പാർശ്വവൽക്കരിക്കപ്പെട്ട സമൂഹങ്ങൾ ഇപ്പോഴും പൊതു സമൂഹത്തിൽ നിന്നും അകന്നു നിൽക്കുന്നുവെന്നും യുഎൻ ചൂണ്ടിക്കാട്ടി.
ഈ വർഷത്തെ ലോക ജനസംഖ്യാ ദിനത്തിൽ, അവരെയും ഉൾപ്പെടുത്തി, എല്ലാവർക്കുമായി പുരോഗതി കൈവരിക്കേണ്ടതിന്റെ പ്രാധാന്യം എല്ലാവരും മനസ്സിലാക്കണമെന്നും യുഎൻ അഭിപ്രായപ്പെട്ടു. മാനവരാശിയുടെ മുഴുവൻ വൈവിധ്യവും ഉൾക്കൊണ്ടാൽ മാത്രമേ ഒന്നിച്ചൊരു പുരോഗതി സാധ്യമാകൂ എന്നും യുഎൻ പറഞ്ഞു. 2024 ലെ ലോക ജനസംഖ്യാ ദിനം ലോകത്തിൽ പിന്നോക്കം നിൽക്കുന്ന വ്യക്തികളെയും സമൂഹങ്ങളെയും തിരിച്ചറിയുന്നതിനും അവരുടെ വെല്ലുവിളികൾ മനസ്സിലാക്കുന്നതിനും വേണ്ടിയുള്ളതാണെന്ന് യുഎൻ പോപ്പുലേഷൻ ഫണ്ടിൻ്റെ (യുഎൻഎഫ്പിഎ) എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. നതാലിയ കാനെം പറഞ്ഞു.
ആരെയും പിന്നിലാക്കാതിരിക്കാനുള്ള ആഗോള ശ്രമങ്ങൾ നടത്താനും എല്ലാവർക്കും അവരുടെ അവകാശങ്ങൾ വിനിയോഗിക്കാൻ സാധിക്കുന്ന തരത്തിൽ നമ്മുടെ ജനസംഖ്യാ കണക്കെടുപ്പ് സംവിധാനങ്ങൾ പ്രയോജനപ്പെടുത്താന്‍ നാമെല്ലാവരും പ്രതിജ്ഞാബദ്ധരാകേണ്ട ഒരു നിമിഷം കൂടിയാണിതെന്നും അവര്‍ കൂട്ടിച്ചേർത്തു. 1987 ജൂലൈ 11ന് ലോകജനസംഖ്യ 500 കോടി കടന്ന അവസരത്തിലാണ്, സുസ്ഥിര വികസനം, വിഭവങ്ങളുടെ ശരിയായ വിനിയോഗം, ജനസംഖ്യാ വളർച്ച എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ചർച്ചയാകുന്നത്.
1989-ൽ യുഎൻഡിപി ഗവേണിംഗ് കൗൺസിൽ എല്ലാ വർഷവും ജൂലൈ 11-ന് ജനസംഖ്യാ ദിനമായി ആചാരിക്കാൻ തീരുമാനിച്ചു. 1990 ഡിസംബറിൽ യുഎൻ ജനറൽ അസംബ്ലി ഇതുമായി ബന്ധപ്പെട്ട പ്രമേയം അംഗീകരിച്ചു. 90-ലധികം രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ 1990 ജൂലൈ 11 നാണ് ആദ്യത്തെ ലോക ജനസംഖ്യാ ദിനം ആചരിച്ചത്. കുടുംബാസൂത്രണം, വിദ്യാഭ്യാസം, ലിംഗസമത്വം, സ്ത്രീ ശാക്തീകരണം തുടങ്ങിയവയെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താൻ ഈ ദിവസം ലക്ഷ്യമിടുന്നു.