കുളമായി റോഡ്; വളരെ ശ്രദ്ധിച്ച് പോകണമെന്ന് അധികൃതരുടെ ബോർഡ്, മറ്റ് നടപടിയൊന്നുമില്ല... #Kerala_News

 


 റോഡിലെ മരണക്കുഴികളടയ്ക്കാൻ യാത്രക്കാർ ആവശ്യപ്പെടുമ്പോൾ 'കുഴിയവിടെ കിടന്നോളും നിങ്ങളൊന്ന് ഒതുങ്ങിപ്പോയാൽ മതി'യെന്ന മട്ടിലാണ് അധികൃതർ. ചന്ദ്രഗിരിപ്പാലത്തിനും എം.ജി. റോഡ് പഴയ പ്രസ്‌ ക്ലബ് കവലയ്ക്കും ഇടയിൽ രൂപപ്പെട്ട കുഴികൾ യാത്രക്കാർക്ക് ഭീഷണിയാകാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി.

കുഴികളുള്ള ഭാഗത്ത് വീപ്പകൾ സ്ഥാപിച്ചിരിക്കുകയാണ് അധികൃതർ. ആഴമേറിയ കുഴികളുള്ളതിനാൽ വാഹനങ്ങൾ വളരെ ശ്രദ്ധിച്ച് പോകണമെന്ന മുന്നറിയിപ്പ് ബാനറിൽ സ്ഥാപിച്ചിട്ടുണ്ട്. ഇത്രയും കരുതൽ പ്രതീക്ഷിച്ചില്ലെന്നാണ് നാട്ടുകാരുടെ പരിഹാസം. ചില വീപ്പകൾ വീണതോടെ ഇരുട്ടിൽ കാണാൻ കഴിയാതായി. വെളിച്ചമില്ലെങ്കിൽ വാഹനം വന്നിടിക്കാനുള്ള സാധ്യതയേറി. കുഴിയടയ്ക്കാനുള്ള നടപടി വൈകുന്നതിനാൽ ഒരു കൂട്ടം യുവാക്കൾ കഴിഞ്ഞ ദിവസം കുഴികളിൽ ചൂണ്ടയിട്ടും മരംനട്ടും പ്രതിഷേധിച്ചു.

കുന്നിടിച്ചും ജലസ്രോതസ്സുകൾ നികത്തിയുമാണ് കാഞ്ഞങ്ങാട്-കാസർകോട് സംസ്ഥാനപാതയുടെ ഭാഗമായ ഈ റോഡ് നിർമിച്ചത്. അതിനാൽ ഉറവയുടെ സാന്നിധ്യം പലയിടത്തുമുണ്ട്. മഴയില്ലാത്ത സമയത്തും കുഴികളിൽ വെള്ളം കെട്ടിക്കിടക്കുന്നതിന് കാരണമിതാണ്. വെള്ളമുള്ളതിനാൽ കൊരുപ്പുകട്ട പാകിയാലും ടാറിട്ടാലും റോഡ് ഇടിഞ്ഞ് താഴും. മഴക്കാലമായാൽ ഇവിടം തകർന്ന് ഭീമൻ കുഴികൾ രൂപപ്പെടും. വെള്ളം കെട്ടിക്കിടക്കുമ്പോൾ കുഴിയുടെ ആഴം മനസ്സിലാകാത്തതിനാൽ വാഹനം അപകടത്തിൽപ്പെടും.

പരിഹാരം വേണം

കലുങ്കും റോഡിന് ഇരുവശത്തും ഓവുചാലും നിർമിച്ച് ഉറവയിലെ വെള്ളം ഒഴുകിപ്പോകാൻ സൗകര്യമൊരുക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. റോഡ് ആഴത്തിൽ കുഴിച്ച് ചേറുമണ്ണ് മാറ്റി മണ്ണും ജില്ലിയും നിറച്ച് മുകൾഭാഗം കോൺക്രീറ്റ് ചെയ്യണമെന്നും നിർദേശമുയരുന്നുണ്ട്. വർഷംതോറും നവീകരണം നടത്തി പണം ചെലവാക്കാതെ ശാശ്വതമായ പരിഹാരം വേണമെന്നാണ് ആവശ്യം.


ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0