കുട്ടിയാന കിണറ്റില്‍ വീണു; രക്ഷക്കെത്തി അമ്മയാന... #Kerala_News

 

മലയാറ്റൂര്‍ ഇല്ലിത്തോട് കിണറ്റില്‍ വീണ കുട്ടിയാനയുടെ രക്ഷക്കെത്തി അമ്മയാന. കുട്ടിയാനയെ അമ്മയാന വലിച്ചു കയറ്റുകയായിരുന്നു. കുട്ടിയാന പുറത്തെത്തിയതിനു പിന്നാലെ കാട്ടാനക്കൂട്ടം കാടു കയറി.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സാജുവിന്റെ കിണറ്റിലാണ് കുട്ടിയാന വീണത്. കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ നോക്കുമ്പോഴാണ് കുട്ടിയാന കിണറ്റില്‍ വീണത് അറിയുന്നത്. തൊട്ടടുത്ത് തന്നെ അമ്മയാന നിലയുറപ്പിച്ചിരുന്നു. ഇതിന് പുറമേ കുറച്ച് അകലെയായി കാട്ടാനക്കൂട്ടവും തമ്പടിച്ചിരുന്നു.

കുട്ടിയാന കിണറ്റില്‍ വീണത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയെങ്കിലും കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നതിനാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചില്ല. തുടക്കത്തില്‍ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തിയത്. അതിനിടെയാണ് കുട്ടിയാനയെ അമ്മയാന രക്ഷിച്ചത്.

അതേസമയം സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. പ്രദേശത്തു കാട്ടാനശല്യ രൂക്ഷമാണെന്നും നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു. ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം മുഴക്കിയാണു പ്രതിഷേധം.

MALAYORAM NEWS is licensed under CC BY 4.0