എറണാകുളം കുണ്ടന്നൂരിൽ സ്കൂൾ ബസിന് തീപ്പിടിച്ചു. വാഹനത്തിൽ വിദ്യാർഥികളില്ലാതിരുന്നതിനാൽ ആളപായമില്ല. വിദ്യാർഥികളെ കയറ്റാൻ പോകുംവഴിയായിരുന്നു അപകടം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു.
തേവര സേക്രഡ് ഹാർട് സ്കൂളിന്റെ ബസിനാണ് തീപിടിച്ചത്. കുണ്ടന്നൂർ, മരട് ഭാഗങ്ങളിൽനിന്ന് വിദ്യാർഥികളെ എടുക്കാൻ പോകുന്നവഴിയാണ് ബസിന്‍റെ മുൻഭാഗത്ത് പുക ഉയരുന്നത് ഡ്രൈവർ കണ്ടത്. തുടർന്ന് വണ്ടിയിലുണ്ടായിരുന്ന ഫയർ ഇക്സ്റ്റിങ്ഗ്വിഷർ ഉപയോഗിച്ച് തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും വാഹനത്തിലേക്ക് പെട്ടന്ന് തീ പടരുകയായിരുന്നു. ഉടൻതന്നെ ഡ്രൈവർ പുറത്തിറങ്ങിയതിനാൽ പരിക്കുകളേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.
അതുവഴി വന്ന കുടിവെള്ള ടാങ്കറിൽ പൈപ്പ് ഘടിപ്പിച്ച് സംഭവസ്ഥലത്തുണ്ടായിരുന്ന ട്രേഡ് യൂണിയൻ തൊഴിലാളികളാണ് ആദ്യം തീയണയ്ക്കാനുള്ള ശ്രമം നടത്തിയത്. എന്നാൽ, വെള്ളം ശക്തിയിൽ പമ്പ് ചെയ്യാൻ സാധിക്കാത്തതിനാൽ തീ അണയ്ക്കാനായില്ല. ഏതാണ്ട് പത്തുമിനിറ്റിന് ശേഷം സംഭവസ്ഥലത്തെത്തിയ ഫയർ ഫോഴ്സ് തീയണച്ചെങ്കിലും ബസ് പൂർണമായും കത്തിനശിച്ചു. വിദ്യാർഥികൾ ബസിലില്ലാത്തതിനാൽ വലിയ ദുരന്തമാണ് വഴിമാറിയത്.

വാര്‍ത്തകളെ വാര്‍ത്തകളായി മാത്രം വായനക്കാരിലേക്ക് എത്തിക്കുന്ന ഒരു സ്വതന്ത്ര മാധ്യമ സംവിധാനമാണ് മലയോരം ന്യൂസ്.