ജോലി വാഗ്ദാനംചെയ്ത് യുവാക്കളെ വിദേശത്തേക്ക് കടത്തി തട്ടിപ്പുനടത്തിയ കേസില്‍ അഭിഭാഷകന്‍ അറസ്റ്റിൽ... #Crime_News


  ഉയര്‍ന്ന ശമ്പളമുള്ള ജോലി വാഗ്ദാനംചെയ്ത് യുവാക്കളെ വിദേശത്തേക്ക് കടത്തി തട്ടിപ്പുനടത്തിയ കേസില്‍ അഭിഭാഷകനായ ഏജന്റിനെ പാലക്കാട് സൈബര്‍ പോലീസ് അറസ്റ്റുചെയ്തു. കൊല്ലങ്കോട് ഊട്ടറ ഏറാട്ടുവീട്ടില്‍ ശ്രീജിത്തിനെയാണ് (31) ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം ഡി.സി.ആര്‍.ബി. ഡിവൈ.എസ്.പി. കെ.സി. വിനു, സൈബര്‍ ക്രൈം പോലീസ് ഇന്‍സ്പെക്ടര്‍ പി.ഡി. അനൂപ്മോന്‍ എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്തത്.

വിദേശങ്ങളിലുള്ള ബഹുരാഷ്ട്ര കമ്പനികളില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ ജോലി വാഗ്ദാനംചെയ്ത് യുവാക്കളില്‍നിന്ന് വന്‍തുക കമ്മീഷന്‍ വാങ്ങി തട്ടിപ്പുനടത്തിയെന്ന പരാതിയിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു. പാലക്കാട് ചന്ദ്രനഗര്‍ സ്വദേശിയായ യുവാവില്‍നിന്ന് മൂന്നുലക്ഷംരൂപ വാങ്ങി ലാവോസിലുള്ള കമ്പനിയില്‍ എക്‌സിക്യുട്ടീവ് ജോലി വാഗ്ദാനം ചെയ്യുകയും യുവാവിനെ അവിടേക്ക് ശ്രീജിത്ത് കയറ്റിവിടുകയും ചെയ്തിരുന്നു.

അവിടെ എത്തിയ യുവാവിന് ചൈനീസ് പൗരന്മാര്‍ നിയന്ത്രിക്കുന്ന സൈബര്‍ തട്ടിപ്പുകേന്ദ്രങ്ങളില്‍ നിര്‍ബന്ധിതജോലിയാണ് ലഭിച്ചത്. ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ആളുകളെ സൈബര്‍ തട്ടിപ്പിനിരയാക്കി കൂടുതല്‍ തുക നേടിക്കൊടുക്കാനുള്ള ലക്ഷ്യം നല്‍കിയെന്നും വിസമ്മതിച്ചപ്പോള്‍ കഠിനമായ മര്‍ദനം നേരിടേണ്ടിവന്നെന്നും യുവാവ് പരാതിപ്പെട്ടിരുന്നു. ഭക്ഷണം നല്‍കാതെ മുറിയില്‍ പൂട്ടിയിട്ടതായും പരാതിയുണ്ട്.

നടത്തിപ്പുകാരറിയാതെ, യുവാവ് വീട്ടുകാരെ വിവരം ധരിപ്പിക്കുകയും വീണ്ടും ഏജന്റുമുഖേന പണംനല്‍കി തിരികെ നാട്ടിലെത്തുകയുമായിരുന്നു. തുടര്‍ന്നാണ്, പോലീസില്‍ പരാതി നല്‍കിയത്.

പോലീസിന്റെ അന്വേഷണത്തില്‍ രണ്ടുപേര്‍ ശ്രീജിത്തിന്റെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് കണ്ടെത്തി. കൂടുതല്‍പ്പേര്‍ ഇരയായിട്ടുണ്ടോ എന്നകാര്യം അന്വേഷിച്ചുവരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊല്ലങ്കോട് പട്ടണത്തില്‍ വെങ്ങുനാട് ലാ ഫേം എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ശ്രീജിത്ത്. ഇവിടെനിന്നാണ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്. എ.എസ്.ഐ. എം. മനേഷ്, സൈബര്‍ സെല്‍ ജീവനക്കാരായ എച്ച്. ഹിരോഷ്, കെ. ഉല്ലാസ്‌കുമാര്‍, ശരണ്യ, നിയാസ്, പ്രേംകുമാര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

കംബോഡിയ, ലാവോസ്, തായ്ലന്‍ഡ്, ബാങ്കോക്ക്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളില്‍ ചൈനക്കാര്‍ നിയന്ത്രിക്കുന്ന ധാരാളം സൈബര്‍ തട്ടിപ്പുകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും മലയാളികളെയും മറ്റ് സംസ്ഥാനക്കാരെയും ഉപയോഗിച്ച് ഇന്ത്യക്കാരുടെ സമ്പത്തു തട്ടിയെടുക്കുന്ന സംഘങ്ങള്‍ കൂടിവരുന്നുണ്ടെന്നും സൈബര്‍ സെല്‍ മുന്നറിയിപ്പുനല്‍കി. ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പിനിരയായാല്‍ ടോള്‍ ഫ്രീ നമ്പറായ 1930 ലോ cybercrime.gov.in എന്ന വെബ് സൈറ്റിലോ പരാതി രജിസ്റ്റര്‍ ചെയ്യണമെന്നും പോലീസ് അറിയിച്ചു.

MALAYORAM NEWS is licensed under CC BY 4.0