അര്‍ജുനെ കണ്ടെത്താന്‍ നദിയിലേക്കിറങ്ങി പരിശോധന; മുങ്ങല്‍ വിദഗ്ധന്‍ ഗംഗാവലിപ്പുഴയിലിറങ്ങി... #Arjun_Missing

 


കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ 12-ാം ദിവസത്തിലെത്തുമ്പോള്‍ ആദ്യമായി ഗംഗാവലി പുഴയുടെ ആഴങ്ങളിലേക്കിറങ്ങി പരിശോധന. ഡൈവര്‍മാര്‍ പുഴയിലേക്കിറങ്ങി തിരച്ചില്‍ നടത്തുകയാണ്. ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലാണ് നദിയില്‍ നിര്‍ണായക ദൗത്യം നടക്കുന്നത്. നദിക്ക് നടുവിലെ മണ്‍കൂനയില്‍ നിന്നും ആഴത്തിലേക്ക് പരിശോധന നടത്താന്‍ ശ്രമിക്കുകയാണ് ലക്ഷ്യം. വടമുപയോഗിച്ച് ശരീരത്തില്‍ ബന്ധിച്ച ശേഷമാണ് ഡൈവര്‍മാര്‍ ഇറങ്ങിയത്. (shirur landslide search for arjun in River Gangavali)

അര്‍ജുന്റേതെന്ന് കരുതുന്ന ട്രക്ക് ഉണ്ടെന്ന് ഉറപ്പിച്ച പോയിന്റ് നമ്പര്‍ ഫോറിലാണ് പരിശോധനകള്‍ നടക്കുന്നത്. മുങ്ങല്‍ വിദഗ്ധര്‍ നടത്തുന്ന പരിശോധനയുടെ തത്സമയ ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു. മുങ്ങല്‍ വിദഗ്ധന്‍ രണ്ട് തവണ നദിയില്‍ മുങ്ങി പരിശോധന നടത്തുന്നതായി ദൃശ്യങ്ങളിലുണ്ട്. ഇരുപതിലേറെ നിര്‍ണായക രക്ഷാദൗത്യത്തില്‍ പങ്കാളിയായിട്ടുള്ള വിദഗ്ധനാണ് ഈശ്വര്‍ മാല്‍പെ. ഗംഗാവാലി പുഴയെ നന്നായറിയുന്ന പ്രദേശത്തെ മത്സ്യത്തൊഴിലാളി സംഘവും മാല്‍പെയുടെ സംഘത്തിനൊപ്പമുണ്ടെന്നാണ് വിവരം.

അര്‍ജുന്‍ സഞ്ചരിച്ച ട്രക്കിന്റെ ചിത്രം ഗംഗാവലിപ്പുഴയിലെ ഡ്രോണ്‍ പരിശോധനയില്‍ ലഭിച്ചെന്ന് കന്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ മാധ്യമങ്ങളോട് പറഞ്ഞു.ചെരിഞ്ഞ നിലയിലാണ് ട്രക്കെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഡാര്‍, സോണല്‍ സിഗ്‌നലുകള്‍ കണ്ട സ്ഥലത്ത് നിന്നാണ് ട്രക്കിന്റെ സാന്നിധ്യം കണ്ടെത്തിയത്. കനത്ത മഴയും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനത്തിന് തടസമായിരുന്നു. അതാണ് നദിയിലിറങ്ങിയുള്ള പരിശോധന ഇത്രയും നീണ്ടത്.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0