തിരുവനന്തപുരം : കെട്ടിട നിർമാണ ഫീസിൽ വൻ ഇളവുകൾ വരുത്തി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷാണ് ഇക്കാര്യം അറിയിച്ചത്. ഫീസ് ഇനത്തിൽ ഇപ്പോൾ ഉള്ളതിൽ നിന്നും 60 ശതമാനം വരെ കുറവ് വരും. 81 ചതുരശ്ര മീറ്റർ മുതൽ 300 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് പെർമിറ്റ് ഫീസ് അൻപത് ശതമാനത്തോളം കുറവാണ് പുതിയ നിരക്കിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീയിൽ നിന്ന് സർക്കാർ ഒഴിവാക്കിയിരുന്നു. 81 മുതൽ 150 ചതുരശ്ര മീറ്റർ വരെ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് കോർപ്പറേഷനിൽ 60 ശതമാനം കുറയുമെന്നതാണ് പ്രത്യേകത. പുതിയ നിരക്ക് ഓഗസ്റ്റ് ഒന്നു മുതൽ പ്രാബല്യത്തിൽ വരുമെന്ന് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാറ്റങ്ങൾ ഇങ്ങനെ :
ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായാണ് കുറയ്ക്കുക. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയും. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായും കുറയും.
അതേസമയം, 2023 ഏപ്രിൽ1 ന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എല്ലാ വിസ്‌തീർണത്തിനും ഒരേ നിരക്കായിരുന്നു. എന്നാൽ 2023 ഏപ്രിൽ 1ന് കെട്ടിടങ്ങളെ വിസ്‌തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്‌ത നിരക്ക് ഏർപ്പെടുത്തുകയായിരുന്നു.
താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്‌ത നിരക്കാണ് ഏർപ്പെടുത്തി വന്നിരുന്നത്. ഈ ക്രമീകരണത്തിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്. അതുകൊണ്ട് തന്നെ അത് അങ്ങനെ തന്നെ തുടരും.