ജോലിചെയ്ത സ്ഥാപനത്തിൽനിന്ന് 20 കോടിയോളം രൂപയുമായി യുവതി മുങ്ങി. വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ ആണ് വൻതട്ടിപ്പ് നടത്തി പണവുമായി കടന്നത്. 18 വർഷത്തോളമായി സ്ഥാപനത്തിലെ ജീവനക്കാരിയാണിവർ.
2019 മുതൽ വ്യാജ ലോണുകൾ ഉണ്ടാക്കി കമ്പനിയുടെ ഡിജിറ്റൽ പേഴ്സണൽ ലോൺ അക്കൗണ്ടിൽനിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്ത് 20 കോടിയോളം രൂപ തട്ടിയെടുക്കുകയായിരുന്നു. പിടിയിലാവുമെന്ന് മനസ്സിലായ യുവതി, ശാരീരിക ബുദ്ധിമുട്ട് അഭിനയിച്ച് ഓഫീസിൽനിന്ന് ഇറങ്ങിപ്പോയി മറ്റാരുടെയോ സഹായത്തോടെ രക്ഷപ്പെടുകയായിരുന്നു.
ആഡംബര വസ്തുക്കളും സ്ഥലവും വീടും ഉൾപ്പടെ ധന്യ വാങ്ങിയെന്നാണ് കരുതുന്നത്. വലപ്പാട് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. 18 വർഷത്തോളമായി തിരുപഴഞ്ചേരി അമ്പലത്തിനടുത്തുള്ള വീട്ടിലാണ് യുവതി താമസിച്ചിരുന്നത്.