അച്ഛനും അമ്മയ്ക്കുമൊപ്പം സ്കൂളിലേക്കുപോയ മൂന്നാം ക്ലാസുകാരന് ബസ് കയറി ദാരുണാന്ത്യം... #Obituary

 


 രാവിലെ അച്ഛനും അമ്മയ്ക്കുമൊപ്പം സന്തോഷത്തോടെ സ്കൂളിലേക്കുപോയ പൊന്നുമോൻ ചേതനയറ്റ് മടങ്ങിവന്നപ്പോൾ വീട്ടിലുയർന്ന വിലാപങ്ങൾ ഹൃദയവേദനയായി. പൊന്നുമോനേ, ഞങ്ങളിതെങ്ങനെ സഹിക്കുമെന്ന വാക്കുകൾ കരച്ചിലുകൾക്കപ്പുറം നിലയ്ക്കാത്ത ഏങ്ങലടികളായി. കൊല്ലം വാടി ദേവമാതാ കോൺവെന്റ് സ്കൂൾ മൂന്നാംക്ളാസ് വിദ്യാർഥിയും കൊല്ലം തേവള്ളി ഓലയിൽ ഡിപ്പോ പുരയിടത്തിൽ എം.ദീപുവിന്റെയും രമ്യയുടെയും മകനുമായ വിശ്വജിത്താണ് (ഒൻപത്‌) അപകടത്തിൽ മരിച്ചത്.

ഭിന്നശേഷിക്കാരനായ അച്ഛൻ ഓടിച്ച നാലുചക്ര സ്കൂട്ടർ, ബൈക്കിൽ ഇടിക്കാതിരിക്കാനുള്ള ശ്രമത്തിനിടെ മറിഞ്ഞപ്പോൾ തെറിച്ചുവീണ മകൻ ബസിനടിയിൽപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9.30-ഓടെ കൊല്ലം പോളയത്തോട്ടിലായിരുന്നു അപകടം. ഇരവിപുരം എ.കെ.ജി.ജങ്‌ഷനിലെ രമ്യയുടെ കടകത്തുതൊടി അശോകഭവനത്തിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. മകനെ സ്കൂളിലാക്കാനും മേടയിൽമുക്കിലെ സൂപ്പർ മാർക്കറ്റിൽ ജോലിചെയ്യുന്ന ഭാര്യ രമ്യയെ ജോലിക്കു വിടാനുമായി മൂവരുംകൂടി നഗരത്തിലേക്കു വരുമ്പോഴായിരുന്നു സംഭവം.‘‘മോൻ ബസിനടിയിലേക്കും ഞങ്ങൾ എതിർഭാഗത്തേക്കുമാണ് വീണത്. വീഴലും ബസെടുത്തതുമെല്ലാം നിമിഷങ്ങൾക്കുള്ളിലായിരുന്നു’’-ആശുപത്രിക്കിടക്കയിലിരുന്നു ദീപു പറഞ്ഞു.

നാട്ടുകാർ ഉടൻതന്നെ മൂവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിശ്വജിത്തിനെ രക്ഷിക്കാനായില്ല. ദീപുവിന് ചെറിയ പരിക്കേ ഉണ്ടായിരുന്നുള്ളൂ. പോസ്റ്റ്മോർട്ടത്തിനുശേഷം വിശ്വജിത്തിന്റെ മൃതദേഹം ഡിപ്പോ പുരയിടത്തിലും എ.കെ.ജി.ജങ്‌ഷനിലെ രമ്യയുടെ വീട്ടിലും പൊതുദർശനത്തിനു വെച്ചു. പിന്നീട്‌ പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചു. ദേവജിത്താണ് സഹോദരൻ.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0