പെൺസുഹൃത്തുമായി ഇൻസ്റ്റ​ഗ്രാമിൽ ചാറ്റ്; ബിയറടിക്കാൻ വിളിച്ചുവരുത്തി 15-കാരൻ 16-കാരനെ കുത്തിക്കൊന്നു... #Crime_News

 


 ഹരിയാണയില്‍ ഗുരുഗ്രാമില്‍ 15-കാരന്‍ 16-കാരനായ സുഹൃത്തിനെക്കുത്തിക്കൊന്നു. പെണ്‍സുഹൃത്തുമായി ഇന്‍സ്റ്റഗ്രാമില്‍ ചാറ്റുചെയ്യുന്നുവെന്ന സംശയത്തെത്തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. ബിയറുകഴിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തി കടന്നുകളയുകയായിരുന്നു.

ബുധനാഴ്ച രാത്രി നടന്ന സംഭവത്തില്‍ പ്രതിയെ പോലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ അറസ്റ്റുചെയ്തു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഇയാളില്‍നിന്ന് കണ്ടെടുത്തു. ഗുരുഗ്രാമിലെ സെക്ടര്‍ 40-ലാണ് സംഭവം നടന്നത്.

ഒരു വീടിന് പുറത്ത് ചോരയില്‍ കുളിച്ച നിലയില്‍ സുരക്ഷാ ജീവനക്കാര്‍ 16-കാരനെ കണ്ടെത്തുകയായിരുന്നു. ഇവര്‍ നല്‍കിയ വിവരത്തെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി. മധ്യപ്രദേശിലെ ഛത്തര്‍പുര്‍ സ്വദേശിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് തിരിച്ചറിഞ്ഞു. 15 വര്‍ഷം മുമ്പാണ് കുടുംബം ഗുരുഗ്രമിലേക്ക് മാറിയത്.

കൊല്ലപ്പെട്ട 16-കാരനും പെണ്‍കുട്ടിയുമായി ഒന്നരവര്‍ഷമായി പരിചയമുണ്ട്. അടുത്തിടെയാണ് 15-കാരന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്. കൊല്ലപ്പെട്ട യുവാവും പെണ്‍കുട്ടിയുമായി സംസാരിക്കാറുണ്ടെന്ന് മനസിലാക്കിയ പ്രതിക്ക് ഇയാളോട് വൈരാഗ്യമുണ്ടായിരുന്നു. ബിയറുകഴിക്കാന്‍ വിളിച്ചുവരുത്തി, തലേദിവസം 150 രൂപയ്ക്ക് വാങ്ങി കരുതിവെച്ച കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് എ.സി.പി. വരുണ്‍ ദഹിയ അറിയിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0