മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് സമ്മതിച്ച് മന്ത്രി വി ശിവന്‍കുട്ടി... #V_Sivankutty

 


മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് പ്രവേശന വിവാദത്തില്‍ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് ആദ്യമായി സമ്മതിച്ച് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. 7478 സീറ്റുകളുടെ കുറവ് അലോട്ട്‌മെന്റ് കഴിഞ്ഞാലും ഉണ്ടാകുമെന്ന് നിയമസഭയില്‍ മന്ത്രി ശിവന്‍കുട്ടി സമ്മതിച്ചു. സപ്ലമെന്ററി അലോട്ട്‌മെന്റ് കഴിഞ്ഞാലും സീറ്റ് പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന് വിദ്യാഭ്യാസമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്നത് സംബന്ധിച്ച കാര്യങ്ങള്‍ നാളെ വിദ്യാര്‍ത്ഥി സംഘടനകളുമായി നടത്തുന്ന ചര്‍ച്ചയില്‍ സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ വിഷയത്തില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. ഇതില്‍ ഉള്‍പ്പെടെ വരുംദിവസങ്ങളില്‍ തീരുമാനമുണ്ടാകും.

നാളെ ഉച്ചയ്ക്ക് 2 മണിയ്ക്ക് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച നടത്തും. നിയമസഭയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരത്തില്‍ നിന്ന് സംഘടനകള്‍ പിന്മാറണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. പ്ലസ് വണ്‍ സീറ്റ് പ്രവേശനവിഷയത്തില്‍ നാളെ കെഎസ്‌യു വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അതിനിടെ സീറ്റ് വിഷയത്തില്‍ സമരത്തില്‍ തുടരുന്ന എസ്എഫ്‌ഐയെ മന്ത്രി വി ശിവന്‍കുട്ടി പരിഹസിച്ചു. കുറച്ചുനാളായി അവര്‍ സമരം ചെയ്യാതിരിക്കുകയല്ലേ, സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു എസ്എഫ്‌ഐ പ്രതിഷേധത്തിന് നേരെയുള്ള മന്ത്രിയുടെ പരിഹാസം.

അഹമദ് ദേവര്‍കോവിലും, പി കെ കുഞ്ഞാലികുട്ടിയുമാണ് സബ്മിഷനായി മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം നിയമസഭയില്‍ ഉന്നയിച്ചത്. കേരളത്തിലെ ഏറ്റവും വലിയ പ്രശ്‌നമാണ് മലപ്പുറത്തേത്. പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം സമരത്തിലാണെന്ന് പി കെ കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ ചൂണ്ടിക്കാട്ടി. പ്ലസ് വണ്ണില്‍ സീറ്റ് ഇല്ലെന്നു പറയുമ്പോള്‍ പോളിടെക്‌നിക്കില്‍ സീറ്റില്ലേ എന്നാണ് വിദ്യാഭ്യാസ മന്ത്രി ചോദിക്കുന്നതെന്നു പി കെ കുഞ്ഞാലികുട്ടി പരിഹസിച്ചു.

ഏറ്റവും പുതിയ വാര്‍ത്തകള്‍, ജോലി ഒഴിവുകള്‍, ഷോപ്പിംഗ്‌ ഓഫറുകള്‍ എന്നിവ അറിയുവാന്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക 👉🏽 JOIN WHATSAPP
MALAYORAM NEWS is licensed under CC BY 4.0