കേരളത്തില്‍ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരണം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ മരിച്ച പെണ്‍കുട്ടിയ്ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12-ന് ആണ് കുട്ടി മരിച്ചത്. മരണ കാരണം അത്യപൂര്‍വ്വ അമീബയെന്നാണ് പരിശോധനാ ഫലം.
തലവേദനയും ചര്‍ദ്ദിയും ബാധിച്ച് കണ്ണൂര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ആദ്യം ചികിത്സ തേടിയത്. പിന്നീട് ആരോഗ്യസ്ഥിതി മോശമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്‌കൂളില്‍നിന്ന് മൂന്നാറിലേക്ക് പഠനയാത്ര പോയ സമയത്ത് കുട്ടി പൂളില്‍ കുളിച്ചിരുന്നു. ഇതാണ് രോഗബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
സാധാരണ അമീബ ശരീരത്തില്‍ പ്രവേശിച്ചാൽ അഞ്ച് ദിവസംകൊണ്ട് രോഗ ലക്ഷണങ്ങള്‍ കാണുകകയും വളരെ പെട്ടന്നുതന്നെ ആരോഗ്യസ്ഥിതി മോശമാവുകയും ചെയ്യാറാണ് പതിവെങ്കിൽ, ഈ കുട്ടിയ്ക്ക് പൂളില്‍ കുളിച്ച് മൂന്നര മാസം കഴിഞ്ഞാണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ജനുവരി 28-ന് യാത്രപോയ കുട്ടിക്ക് മെയ് എട്ടിനാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്.
നട്ടെല്ലില്‍ നിന്നുള്ള നീരിന്റെ പരിശോധനയില്‍ അമീബിക് ട്രോഫോ സോയിഡ്‌സ് കാണപ്പെടുകയും അമീബിക് മെനിന്‍ഞ്ചോ എന്‍കഫലൈറ്റസിന് ഉള്ള ആറ് മരുന്നുകള്‍ കുട്ടിക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് മുന്‍പ് റിപ്പോര്‍ട്ട് ചെയ്ത അമീബിക് മെനിഞ്ചൈറ്റിസില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ അമീബിക് സ്പീഷീസ് ഏതെന്ന് കണ്ടെത്താനുളള പരിശോധനകള്‍ നടത്തിയിരുന്നുവെന്ന് കുട്ടിയെ ചികിത്സിച്ച കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക് ഇന്റന്‍സിവിസ്റ്റ് ഡോക്ടര്‍ അബ്ദുള്‍ റൗഫ് പറഞ്ഞു.
വെര്‍മമീബ വെര്‍മിഫോമിസ് എന്ന അപൂര്‍വ അമീബയുടെ സാന്നിധ്യമാണ് ഈ പരിശോധനയില്‍ കണ്ടെത്തിയത്. ഈ കേസ് ലോകത്തുതന്നെ അപൂര്‍വമായതിനാല്‍ രോഗാണുവിന്‍റെ ഇന്‍ക്യൂബേഷന്‍ പിരീഡ് ഉള്‍പ്പടെയുളള കാര്യങ്ങള്‍ കണ്ടെത്താന്‍ വിദഗ്ദപഠനം ആവശ്യമാണെന്നും ഡോക്ടര്‍ അറിയിച്ചു.
അമീബിക് മസ്തിഷ്‌ക ജ്വരം രണ്ടുരീതിയില്‍ കാണപ്പെടാമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. പെട്ടന്നുതന്നെ രോഗം മൂര്‍ച്ഛിക്കുന്ന പ്രൈമറി അമീബിക് മെനിന്‍കോ എന്‍കഫലൈറ്റിസ്, പതിയെ രോഗം മൂര്‍ച്ഛിക്കുന്ന ഗ്രാനുലോമസ് അമീബിക് എന്‍കഫലൈറ്റിസ് എന്നിവയാണവ. 95 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് മോര്‍ട്ടാലിറ്റി റേറ്റ്.
അമീബിക് മസ്തിഷ്‌ക ജ്വരം ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക് പടരില്ലെങ്കിലും സമീപകാലത്ത് ഇത്തരം കേസുകള്‍ അടുപ്പിച്ച് റിപ്പോര്‍ട്ട് ചെയ്തതിനാല്‍ പൊതുജനങ്ങളും ഡോക്ടര്‍മാരും ഇതേക്കുറിച്ച് അവബോധം പുലര്‍ത്തണമെന്നും ഡോക്ടര്‍ റൗഫ് പറയുന്നു. സ്വിമിങ് പൂള്‍ ഉള്‍പ്പടെ കൃത്രിമമായി വെള്ളം കെട്ടിനിര്‍ത്തുന്ന എല്ലാ ജല സ്‌ത്രോസ്സുകളിലും ഇത്തരം അമീബ കാണപ്പെടാം. അതിനാല്‍ പൊതുജനങ്ങള്‍ ഉപയോഗിക്കുന്ന വെള്ളം കെട്ടിനില്‍ക്കുന്ന എല്ലാ ജല സ്രോതസ്സുകളും പ്രോട്ടോക്കോള്‍ പ്രകാരം കൃത്യമായി ക്ലോറിനേഷന്‍ നടത്തി ശുചീകരിക്കേണ്ടതും അനിവാര്യമാണ്.