സിക്കിള്‍ സെല്‍ അനീമിയ ബാധിച്ചു രണ്ട് യുവതികള്‍ മരിച്ചു... #Sickle_Cell_Anemia

 

2047-ഓടെ രാജ്യത്ത് അരിവാള്‍രോഗം തുടച്ചുനീക്കുമെന്നത് 2023-ല്‍ കേന്ദ്രബജറ്റിലെ പ്രഖ്യാപനമായിരുന്നു. ഇതിന്റെ ചുവടുപിടിച്ച് സംസ്ഥാനബജറ്റിലും പദ്ധതിപ്രഖ്യാപനമുണ്ടായി. പക്ഷേ, ഈ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ മാത്രമൊതുങ്ങി. ഇന്നലെ മാത്രം അട്ടപ്പാടിയില്‍ അരിവാള്‍ രോഗം ബാധിച്ച് മരിച്ചത് രണ്ട് ആദിവാസിയുവതികളാണ്.

പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ 2014-ലാണ് അരിവാള്‍രോഗം കണ്ടെത്തിയത്. ഇതില്‍ അട്ടപ്പാടിയിലെയും വയനാട്ടിലെയും ഗോത്രവര്‍ഗക്കാരിലാണ് രോഗം കൂടുതലെന്ന് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തുള്ള 1200 അരിവാള്‍രോഗികളില്‍ വയനാട്ടില്‍ 1057 പേരും അട്ടപ്പാടിയില്‍ 128 പേരുമായിരുന്നു. ഇതുവരെ 198 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്നുപേര്‍ കഴിഞ്ഞ വര്‍ഷവും ഒരാള്‍ ഈ വര്‍ഷവും മരിച്ചു.

അരിവാള്‍രോഗം സ്ഥിരീകരിച്ചവര്‍ക്ക് മരുന്നും പെന്‍ഷനും കിട്ടുന്നുണ്ടെന്നത് മാത്രമാണ് ആശ്വാസം. 2014-ല്‍ ഗതാഗതസൗകര്യമില്ലാത്ത ഊരുകളിലൊന്നും വ്യക്തമായ പരിശോധന നടന്നില്ല. പിന്നീട് ആശുപത്രികളില്‍ വിവിധ രോഗങ്ങളുമായി എത്തുന്നവരെ പരിശോധിച്ചതിലാണ് ഐ.ടി.ഡി.പിയുടെ കണക്കില്‍ 156 പേരുണ്ടെന്ന് സ്ഥിരീകരിച്ചത്.

കഴിഞ്ഞ വര്‍ഷം അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ഇലക്ട്രോഫോഴ്‌സസ് മെഷീനുപയോഗിച്ച് പ്രീമെട്രിക് ഹോസ്റ്റലുകളിലും നാല് ഊരുകളിലും പരിശോധന നടത്തിയിരുന്നു. ഇതില്‍ 160-ഓളം പേരില്‍ രോഗം സ്ഥിരീകരിച്ചു. വീണ്ടും പരിശോധന വേണമെന്നും ഇതിനായി രക്തസാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലുള്ള പാത്തോളജി ലാബിലെത്തിച്ച് പരിശോധിക്കണമെന്നും അന്നത്തെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചെങ്കിലും നടപടിയുണ്ടായില്ല.

അരിവാള്‍രോഗനിര്‍ണയത്തിനായി കേന്ദ്രപദ്ധതി വരുന്നതിനാല്‍ ഊരുകളില്‍ പോയുള്ള പരിശോധന നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദേശമുണ്ടായി. ഇതിനിടയില്‍ ഷോളയൂര്‍ കുടുംബരോഗ്യകേന്ദ്രത്തിലും രോഗനിര്‍ണയപദ്ധതികള്‍ ആസൂത്രണം ചെയ്തിരുന്നു. ഇതോടെ പരിശോധനകള്‍ നിലച്ചു. നിലവില്‍ ലക്ഷണങ്ങളോടെ അഗളി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ എത്തുന്നവരെ മാത്രമാണ് പരിശോധിക്കുന്നത്.

അരിവാള്‍ രോഗം ബാധിച്ച് അട്ടപ്പാടിയില്‍ രണ്ട് ആദിവാസി യുവതികള്‍ മരിച്ചു

അഗളി (പാലക്കാട്): അട്ടപ്പാടിയില്‍ രണ്ട് ആദിവാസിയുവതികള്‍ അരിവാള്‍ രോഗം ബാധിച്ച് മരിച്ചു. കൊല്ലങ്കടവ് ഊരിലെ വള്ളി (26), മേലെ കണ്ടിയൂര്‍ സ്വദേശിനി സൗമ്യ (25) എന്നിവരാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വള്ളി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. ദീര്‍ഘകാലമായി അരിവാള്‍രോഗത്തിന് ചികിത്സയിലായിരുന്ന യുവതി മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യനായിരുന്നു.

കഴിഞ്ഞയാഴ്ച കൈകാല്‍ വേദനയെത്തുടര്‍ന്ന് വീട്ടിലെത്തി കോട്ടത്തറ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രണ്ട് ദിവസത്തിനുശേഷവും വേദന കുറയാത്തതിനാല്‍ വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി. രോഗശമനമുണ്ടായെങ്കിലും രണ്ടുദിവസംകൂടി അവിടെ ചികിത്സയില്‍ തുടര്‍ന്നു.

തിങ്കളാഴ്ച ഊരിലെത്തിയെങ്കിലും തലവേദനയെത്തുടര്‍ന്ന് ബുധനാഴ്ച കല്‍ക്കണ്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വ്യാഴാഴ്ച രാത്രി 11 മണിക്ക് ഛര്‍ദി തുടങ്ങിയതോടെ കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച രാവിലെയോടെ വള്ളി മരണത്തിന് കീഴടങ്ങി. അച്ഛന്‍: കാളി. അമ്മ: പൊന്നി. സഹോദരങ്ങള്‍: ചന്ദ്രന്‍, ഭഗവതി, ലക്ഷ്മി, മുരുകന്‍, മഞ്ജു, പാര്‍വതി.

പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സൗമ്യ (25) മരിച്ചത്. അമിതമായ ക്ഷീണം കാരണം രണ്ടുദിവസം മുന്‍പ് അഗളി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇതിനുശേഷം സൗമ്യ വീട്ടിലേക്ക് തിരിച്ചുപോയി. ക്ഷീണം മാറത്തതിനെത്തുടര്‍ന്ന് വ്യാഴാഴ്ച കൂക്കംപാളയത്തെ സ്വകാര്യ ആശുപത്രിയിലെത്തി ചികിത്സ തേടി.

ഇവിടെനിന്ന് തിരിച്ചുപോയ സൗമ്യ വെള്ളിയാഴ്ച രാവിലെ വീണ്ടും ഈ ആശുപത്രിയിലെത്തി. ഡോക്ടര്‍മാര്‍ പരിശോധിച്ചതില്‍ ഗുരുതരമായ രീതിയില്‍ രക്തക്കുറവും ക്ഷീണവും കണ്ടെത്തി. തുടര്‍ന്ന് കോട്ടത്തറ താലൂക്ക് ആശുപതിയില്‍നിന്ന് എ.എല്‍.എസ് (അഡ്വാന്‍സ് ലൈഫ് സപ്പോട്ട്) ആംബുലന്‍സ് എത്തിച്ച് യുവതിയെ കോട്ടത്തറ ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ ന്യൂമോണിയയും കണ്ടെത്തിയതോടെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് സൗമ്യ മരിച്ചത്. ഭര്‍ത്താവ്: മഹേഷ്. മകന്‍: മജേഷ്.
MALAYORAM NEWS is licensed under CC BY 4.0